പ്രസവിച്ച ശേഷം കുഞ്ഞിന്‍റെ പൊക്കിള്‍ക്കൊടി സ്വയം മുറിച്ചു മാറ്റി; സ്വന്തം പ്രസവമെടുത്ത് യുവതി
തൃശൂർ: വീട്ടിൽവെച്ച് യുവതി സ്വയം പ്രസവമെടുത്തു. തൃശൂർ ചാലക്കുടിയിലാണ് സംഭവം. ജനിച്ചയുടൻ കുഞ്ഞ് മരണപ്പെട്ടു. ചാലക്കുടി മേലൂര്‍ കരുവാപ്പടിയിലാണ് സംഭവം. ഒഡീഷ സ്വദേശിനിയായ യുവതിയാണ് വീട്ടിൽ പ്രസവിച്ചത്. ഒറ്റപ്പെട്ട സ്ഥലത്തുള്ള വാടക വീട്ടിലാണ് യുവതിയും ഇവരുടെ ഭര്‍ത്താവും മൂന്നു വയസുള്ള മൂത്ത കുഞ്ഞും കഴിഞ്ഞിരുന്നത്. പ്രസവിക്കുന്ന സമയത്ത് മൂന്ന് വയസുള്ള കുട്ടി മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.
ഭർത്താവ് വീട്ടിലില്ലാത്ത സമയത്താണ് യുവതി പ്രസവിച്ചത്. വേദന വന്നതോടെ യുവതി സ്വയം പ്രസവിക്കുകയായിരുന്നു. പ്രസവിച്ച ശേഷം കുഞ്ഞിന്‍റെ പൊക്കിള്‍ക്കൊടി യുവതി സ്വയം മുറിച്ചു മാറ്റി.
ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഭർത്താവ് അറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് മെംമ്പറും ആശാ വര്‍ക്കറും വീട്ടിലെത്തി. ഉടൻ തന്നെ അമ്മയേയും ചോര കുഞ്ഞിനേയും ആശുപത്രിയിലെത്തിച്ചു. പരിശോധനയിൽ കുഞ്ഞിന് ജീവനില്ലെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.