Latest News

റോഡപകടങ്ങള്‍ കുറയ്ക്കുമെന്ന തന്റെ വാക്കില്‍ പിഴവുപറ്റിയെന്ന് നിതിന്‍ ഗഡ്കരി

 റോഡപകടങ്ങള്‍ കുറയ്ക്കുമെന്ന തന്റെ വാക്കില്‍ പിഴവുപറ്റിയെന്ന് നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: റോഡപകടങ്ങള്‍ കുറയ്ക്കുമെന്ന തന്റെ വാക്കില്‍ പിഴവുപറ്റിയെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഗതാഗത മന്ത്രിയായി ചുമതലയേറ്റ സമയത്ത് താന്‍ റോഡ് അപകടങ്ങള്‍ 50ശതമാനം കുറയ്ക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അത് നടപ്പിലായില്ലെന്നും റോഡ് അപകടങ്ങളെ കുറിച്ചുള്ള പല അന്താരാഷ്ട്ര ചര്‍ച്ചകളിലും തല കുനിച്ചിരിക്കേണ്ടി വരികയാണെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘ റോഡ് അപകടങ്ങള്‍ കുറയ്ക്കുമെന്ന കാര്യം മാറ്റിനിര്‍ത്താം. അപകടങ്ങള്‍ മുന്‍പ് സംഭവിച്ചിരുന്നതിനേക്കാള്‍ വര്‍ധിച്ചുവെന്ന് പറയാന്‍ എനിക്ക് മടിയില്ല. റോഡ് അപകടങ്ങള്‍ ചര്‍ച്ചയാകുന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സുകളില്‍ പങ്കെടുക്കുമ്പോള്‍ മുഖം മറയ്ക്കാനാണ് പലപ്പോഴും ശ്രമിക്കാറ്,’ അദ്ദേഹം പറഞ്ഞു.

റോഡ് അപകടങ്ങളില്‍ ഉള്‍പ്പെടെ രാജ്യത്ത് കുറവുണ്ടാകണമെങ്കില്‍ ജനങ്ങളുടെ സ്വഭാവത്തിലും. സാമൂഹിക സമീപനത്തിലും മാറ്റമുണ്ടാകണം. ഒപ്പം രാജ്യത്തെ നിയമവ്യവസ്ഥയോട് ബഹുമാനവും ഉണ്ടാകേണ്ടതുണ്ട്. മുമ്പ് റോഡപകടത്തില്‍ തനിക്കും കുടുംബത്തിനും പരിക്കേറ്റിരുന്നു. അപകടമുണ്ടാക്കുന്ന മാനസിക-ശാരീരിക പ്രയാസങ്ങളെ കുറിച്ച് തനിക്ക് നേരിട്ട് ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ പല റോഡ് അപകടങ്ങള്‍ക്കും പിന്നില്‍ റോഡരികില്‍ അലക്ഷ്യമായി ട്രക്കുകള്‍ നിര്‍ത്തിയിടുന്നതും റോഡിലെ വരകളെ കുറിച്ച് വ്യക്തമായ ധാരണയില്ലാത്തതുമാണെന്നും അദ്ദേഹം നിരീക്ഷിച്ചു. പ്രതിവര്‍ഷം 1.76 ലക്ഷം പേരാണ് റോഡ് അപകടങ്ങളില്‍ മരിക്കുന്നത്. ഇതില്‍ 60 ശതമാനത്തിലധികവും 18 മുതല്‍ 34 വരെ പ്രായത്തിനിടയിലുള്ളവരാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

രാജ്യത്താകെയുണ്ടായ റോഡ് അപകട മരണങ്ങളില്‍ 13.7 ശതമാനവും ഉത്തര്‍പ്രദേശിലാണ്. 23,000 പേരാണ് സംസ്ഥാനത്ത് മരിച്ചത്. തമിഴ്‌നാട്ടില്‍ 18000 പേരും മഹാരാഷ്ട്രയില്‍ 15000 പേരും മധ്യപ്രദേശില്‍ 13000 പേരും റോഡ് അപകടങ്ങളില്‍ മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes