മണ്ണെണ്ണയ്ക്ക് സമാനമായ നീല നിറത്തിൽ കുടിവെള്ളം; പരിഭ്രാന്തിയിലായി നാട്ടുകാർ
മണ്ണെണ്ണയ്ക്ക് സമാനമായ നീല നിറത്തിൽ കുടിവെള്ളം ലഭിച്ചത് പ്രദേശ വാസികളെ പരിഭ്രാന്തിയിലാക്കി. എറണാകുളം സൗത്ത് കര്‍ഷക റോഡിലും പരിസര പ്രദേശങ്ങളിലും ഇന്നലെ രാവിലെ മുതലാണ് നീല വെള്ളം ലഭിച്ചത്. പരിശോധനയില്‍ സമീപത്തെ ഡൈ ഹൗസില്‍ നിന്നുള്ള മാലിന്യമാണ് വില്ലൻ എന്ന് കണ്ടെത്തി.
പുറംതള്ളുന്ന മാലിന്യം, ഇതേ സ്ഥാപനത്തിന്റെ തന്നെ വാട്ടര്‍ അതോറിട്ടിയുടെ മീറ്റര്‍ബോക്സ് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്കായിരിന്നു പോയത്. ഇവിടെ നിന്നും പൊട്ടിയ ശുദ്ധജല പൈപ്പിലൂടെയാണ് മാലിന്യം കുടിവെള്ളത്തില്‍ കലര്‍ന്നതെന്ന് ഒടുവിൽ കണ്ടെത്തി.
കോര്പറേഷന് ഹെല്‍ത്ത് വിഭാഗം ഉദ്യോഗസ്ഥർ ഉടൻ തന്നെ സ്ഥലത്തെത്തുകയും ഡൈ ഹൗസ് യൂണിറ്റ് പൂട്ടിക്കുകയും ചെയ്തു . കഴിഞ്ഞ ദിവസം അറ്റകുറ്റ പണിയുടെ ഭാഗമായി കുടിവെള്ളം മുടങ്ങിയിരുന്നു. ഇന്നലെ പമ്പിംഗ് പുന:സ്ഥാപിച്ചതോടെ ഈ മലിന ജലം പരിസരങ്ങളിലെ വീടുകളില്‍ എത്തുകയായിരുന്നു. വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ സ്ഥലത്തെത്തി കുടിവെള്ള പൈപ്പ് പ്രത്യേക മോട്ടോര്‍ എത്തിച്ച് വൃത്തിയാക്കി. ഇന്നും ശുദ്ധീകരണ പ്രക്രിയ നടക്കും.