വളര്‍ന്നുവരുന്ന യുവ നേതാവാണ് ചാണ്ടി ഉമ്മന്‍, നിരുത്സാഹപ്പെടുത്താന്‍ പാടില്ല; രമേശ് ചെന്നിത്തല
തൃശൂര്‍: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ചുമതല നല്‍കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച ചാണ്ടി ഉമ്മന്റെ നിലപാടുകളില്‍ പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ചാണ്ടി ഉമ്മനുമായി സംസാരിച്ചുവെന്നും പരസ്യപ്രസ്താവന ഒഴിവാക്കണമെന്ന് പറഞ്ഞിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അത് സംസാരിച്ച് പരിഹരിക്കണം. ഉമ്മന്‍ചാണ്ടിയുടെ മകനും വളര്‍ന്നുവരുന്ന യുവ നേതാവുമാണ് ചാണ്ടി ഉമ്മന്‍. ചാണ്ടി ഉമ്മനെ നിരുത്സാഹപ്പെടുത്താന്‍ പാടില്ലെന്നും ചെന്നിത്തല പറഞ്ഞു. വയനാട് ഉരുള്‍പൊട്ടലില്‍ കേന്ദ്ര സമീപനം ദൗര്‍ഭാഗ്യകരമാണെന്നും മുന്‍ പ്രതിപക്ഷ നേതാവ് പറഞ്ഞു.
കേരളത്തോട് ശത്രുതാ മനോഭാവത്തോടുകൂടിയാണ് കേന്ദ്രം പെരുമാറുന്നത്. ഹെലികോപ്റ്റര്‍ ഉപയോഗിച്ചതിന് പണം ആവശ്യപ്പെട്ടത് ശരിയായില്ല. എം കെ രാഘവന്‍ വിഷയത്തിലും പ്രതികരണമുണ്ടായി. എം കെ രാഘവന്‍ പാര്‍ട്ടിക്ക് ഒരു മുതല്‍ക്കൂട്ടാണ്. രണ്ടു ജില്ലകള്‍ തമ്മിലുള്ള പ്രശ്‌നമായി വ്യാഖ്യാനിക്കേണ്ടതില്ല. വിഷയത്തില്‍ ഇടപെടാനാണ് കമ്മിറ്റി രൂപീകരിച്ചിട്ടുള്ളത്.
ശരിയോ തെറ്റോ എന്ന് കമ്മിറ്റി പരിശോധിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രമേശ് ചെന്നിത്തല എം കെ രാഘവനുമായി തൃശ്ശൂർ രാമനിലയത്തില്‍ കൂടി കാഴ്ച നടത്തിയിരുന്നു. സൗഹൃദ സംഭാഷണമാണെന്നാണ് കൂടിക്കാഴ്ചക്കു ശേഷം രമേശ് ചെന്നിത്തല പ്രതികരിച്ചത്.