Latest News

മെക് 7 പരിപാടി ഉദ്ഘാടനം ചെയ്ത് വി കെ ശ്രീകണ്ഠന്‍

 മെക് 7 പരിപാടി ഉദ്ഘാടനം ചെയ്ത് വി കെ ശ്രീകണ്ഠന്‍

പാലക്കാട്: മെക് 7 വ്യായായ്മ കൂട്ടായ്മ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സജീവ രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടം നേടിയിരിക്കുകയാണ്. വിവാദം ചൂടുപിടിക്കവെ മെക് 7 പരിപാടിയില്‍ പങ്കെടുത്തിരിക്കുകയാണ് പാലക്കാട് എംപി വി കെ ശ്രീകണ്ഠന്‍. മെക് 7 പട്ടാമ്പി മേഖല തല ഉദ്ഘാടനം നിര്‍വ്വഹിക്കാനാണ് അദ്ദേഹം എത്തിയത്.

മെക് 7 രാജ്യ വ്യാപകമായി നടപ്പാക്കേണ്ട പദ്ധതിയാണെന്ന് വി കെ ശ്രീകണ്ഠന്‍ പറഞ്ഞു. വളരെ കുറച്ചു സമയം മാത്രമുള്ള നല്ല ഒരു വ്യായായ്മ പദ്ധതിയാണ് ഇത്. ജാതിയും മതവും രാഷ്ട്രീയവും ഒന്നും തനിക്കിതില്‍ കാണാന്‍ കഴിഞ്ഞില്ലെന്നും എം പി പറഞ്ഞു.

അതേ സമയം മെക് സെവനെതിരായ പരാമര്‍ശം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ രംഗത്തെത്തിയിരുന്നു. മെക് സെവനെതിരെ സിപിഐഎം വിമര്‍ശനം ഉന്നയിച്ചിട്ടില്ലെന്നും വസ്തുതകള്‍ വഴി തിരിച്ചു വിടരുതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വ്യായാമമുറ ശീലിക്കുന്നത് രോഗമുക്തിക്ക് നല്ലതാണെന്നും അത് പ്രോത്സാഹിപ്പിക്കണമെന്നും പി മോഹനന്‍ പറഞ്ഞു. പൊതു വേദികളില്‍ ജമാഅത്തെ ഇസ്ലാമി, സംഘപരിവാര്‍, പോപ്പുലര്‍ ഫ്രണ്ട് എന്നിവര്‍ നുഴഞ്ഞു കയറുന്നു. ഗൂഢ അജണ്ടയ്ക്ക് അത്തരം വേദികള്‍ ഉപയോഗിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പൊതുസമൂഹം ജാഗ്രത പുലര്‍ത്തണം. മതനിരപേക്ഷ ഉള്ളടക്കം തകര്‍ക്കാന്‍ ശ്രമം നടക്കുകയാണ്. ചിലയിടങ്ങളില്‍ അത്തരക്കാര്‍ പരിശ്രമം നടത്തുന്നതാണ് സംശയം വരാന്‍ കാരണം. വ്യത്യസ്ത മത വിശ്വാസികള്‍ മതനിരപേക്ഷ മനസ്സുള്ളവരാണ്. അവരെ തങ്ങള്‍ക്ക് ഒപ്പം നിര്‍ത്താന്‍ വര്‍ഗീയ ശക്തികള്‍ ശ്രമം നടത്തും. ഏതെങ്കിലും മതത്തിനെ പരാമര്‍ശിച്ചിട്ടില്ലെന്നും എല്ലാ വര്‍ഗീയതയേയും ചെറുക്കുമെന്നും പി മോഹനന്‍ പറഞ്ഞു.

മലബാറില്‍ പ്രചാരം നേടിയ വ്യായാമ കൂട്ടായ്മയായ മെക് സെവനില്‍ തീവ്രവാദ ശക്തികള്‍ നുഴഞ്ഞുകയറിയിട്ടുണ്ട് എന്നാണ് കഴിഞ്ഞ ദിവസം പി മോഹനന്‍ നടത്തിയ പ്രസ്താവന. മെക് സെവനുമായി ബന്ധപ്പെട്ട പ്രസ്ഥാവനകള്‍ തിരിച്ചടി ആകുമോയെന്ന ആശയക്കുഴപ്പം സിപിഐഎമ്മിന് അകത്തുള്ളതിനാല്‍ പ്രതികരിക്കാന്‍ പാര്‍ട്ടി തയാറായിരുന്നില്ല.

സിപിഐഎം ജില്ലാ സെക്രട്ടറിയെ തള്ളി മുന്‍ മന്ത്രി അഹമദ് ദേവര്‍ കോവില്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മുസ്ലിം ലീഗും സമാന നിലപാടാണ് മുന്നോട്ട് വെച്ചത്. അതേസമയം എ പി വിഭാഗം സമസ്തയുടെയും സിപിഐഎമ്മിന്റെയും നിലപാടുകളെ പൂര്‍ണ്ണമായും തള്ളുകയാണ് മെക് സെവന്‍. എല്ലാജാതി മതസ്ഥരും കൂട്ടായ്മയുടെ ഭാഗമാണെന്നും മതപരമായ ഒന്നും കൂട്ടായ്മയില്‍ ഇല്ലെന്നുമാണ് വിശദീകരണം.

മലബാര്‍ മേഖലയില്‍ വലിയ പ്രചാരം നേടിയ വ്യായാമ കൂട്ടായ്മയാണ് മെക് 7. 21 മിനിറ്റ് നീളുന്ന വ്യായാമ കൂട്ടായ്മയാണ് മെക് സെവന്‍. മലപ്പുറം ജില്ലയിലെ തുറക്കലിലെ സൈനിക ഉദ്യോഗസ്ഥനായിരുന്ന ക്യാപ്റ്റന്‍ സലാഹുദ്ദീനാണ് ഈ വ്യായാമ രീതി പരിചയപ്പെടുത്തിയത്. 2022 ലാണ് ഈ കൂട്ടായ്മ തുടങ്ങുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ മലബാറില്‍ മെക് സെവന്റെ ആയിരത്തോളം യൂണിറ്റുകള്‍ വന്നു. ഇപ്പോള്‍ വിവാദത്തിലകപ്പെട്ടിരിക്കുന്ന മെക് 7 വ്യായായ്മ കൂട്ടായ്മക്കെതിരെ സമസ്ത എ പി വിഭാഗമാണ് ആദ്യം രംഗത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes