‘ഇത് ഈ മണ്ണില്‍ ഒരു പുതിയ ചരിത്രം, മഹാകുംഭമേളയില്‍ എഐയും ചാറ്റ്‌ബോട്ടും ഭാഗമാകും’; നരേന്ദ്ര മോദി
ജനുവരി 13 മുതല്‍ നടക്കുന്ന മഹാകുംഭമേളയില്‍ എഐയും ചാറ്റ്‌ബോട്ടും ഭാഗമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ 5500 കോടി രൂപയുടെ 167 വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാകുംഭമേള 2025ല്‍ പങ്കെടുക്കുന്ന ഭക്തര്‍ക്കായി ആശയവിനിമയം കാര്യക്ഷമമാക്കുന്നതിന് തയ്യാറാക്കിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് (എഐ) അധിഷ്ടിത പ്ലാറ്റ്‌ഫോമായ ‘സഹായക് ചാറ്റ്‌ബോട്ട്’ പ്രധാനമന്ത്രി അവതരിപ്പിച്ചു. മഹാകുംഭമേള 2025 വിജയകരമാകുമെന്ന് ഉറപ്പാക്കാന്‍ അക്ഷീണം പ്രവര്‍ത്തിക്കുന്ന എല്ലാ പ്രവര്‍ത്തകരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
‘‘പ്രയാഗ് രാജിന്റെ ഈ മണ്ണില്‍ ഒരു പുതിയ ചരിത്രം സൃഷ്ടിക്കപ്പെടുകയാണ്. അടുത്ത വര്‍ഷം സംഘടിപ്പിക്കപ്പെടുന്ന മഹാകുംഭമേള രാജ്യത്തിന്റ സാംസ്‌കാരികവും ആത്മീയവുമായ വ്യക്തിത്വം ഒരു പുതിയ ഉയരത്തില്‍ എത്തിക്കും, ’’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.