മണിയാർ പദ്ധതി; കരാർ നീട്ടരുതെന്നാണ് വൈദ്യുതി ബോർഡിന്റെ അഭിപ്രായമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി
 
			
    തിരുവനന്തപുരം: മണിയാർ പദ്ധതി ഏറ്റെടുക്കണമെന്നും കരാർ നീട്ടരുതെന്നുമാണ് വൈദ്യുതി ബോർഡിന്റെ അഭിപ്രായമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. കാർബോറാണ്ടത്തിന് കരാർ നീട്ടി നൽകണം എന്നാണ് വ്യവസായ വകുപ്പിന്റെ നിലപാടെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രി അന്തിമ തീരുമാനം എടുക്കുമെന്നും കൃഷ്ണൻകുട്ടി വ്യക്തമാക്കി. ഇതോടെ വിഷയത്തില്‍ സർക്കാരിലെ വകുപ്പുകള്‍ രണ്ടുതട്ടിലായി.
കരാര്‍ കാലാവധി തീര്‍ന്ന മണിയാര്‍ പദ്ധതിയുടെ നിയന്ത്രണാവകാശം കാര്‍ബോറാണ്ടം യൂണിവേഴ്സല്‍ കമ്പനിക്ക് നല്കാന് മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് ധാരണയായത്.
വൈദ്യുതി ചാർജ് വർധന ഇനി വേണ്ടിവരില്ലെന്നും മന്ത്രി പറഞ്ഞു. ദീർഘകാല കരാർ റദ്ദാക്കിയത് പുനഃസ്ഥാപിക്കാൻ സുപ്രീം കോടതിയെ സമീപിച്ചു. വാദം പൂർത്തിയായതായും അനുകൂല വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിധി പ്രതികൂലമെങ്കിൽ മാത്രമേ ചാർജ് വർധനവിനെ കുറിച്ച് ആലോചനയുള്ളൂവെന്നും മന്ത്രി പറഞ്ഞു.
30 വർഷത്തെ കരാർ പൂർത്തിയാക്കിയ മണിയാർ ജലവൈദ്യുതപദ്ധതി വീണ്ടും സ്വകാര്യകമ്പനിക്ക് നൽകാതെ സർക്കാർ ഏറ്റെടുക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. തിരിച്ചെടുക്കാതിരിക്കുന്നത് ജനങ്ങളോടുള്ള വഞ്ചനയും അഴിമതിയുമാണെന്നും മുഖ്യമന്ത്രിക്കു നൽകിയ കത്തിൽ അദ്ദേഹം പറഞ്ഞിരുന്നു.
കേരളത്തിന്റെ വൈദ്യുതി മേഖല സ്വകാര്യ കുത്തക കമ്പനികൾക്ക് തീറെഴുതാനുള്ള നീക്കമാണ് പിണറായി സർക്കാരിന്റേതെന്നും മണിയാർ ജല വൈദ്യുത പദ്ധതി കരാർ കാർബോറാണ്ടം ഗ്രൂപ്പിന് 25 വർഷം കൂടി നീട്ടിനൽകാനുള്ള നീക്കത്തിന് പിന്നിൽ വലിയ അഴിമതിയാണെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപിയും ആരോപിച്ചിരുന്നു.


 
														 
														 
														 
														 
														