അരീക്കോട് സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് ക്യാമ്പില്‍ ജീവനൊടുക്കിയ ഹവില്‍ദാര്‍ വിനീതിന്റെ മരണം വെടിയേറ്റെന്ന് മലപ്പുറം എസ്പി
മലപ്പുറം: അരീക്കോട് സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് ക്യാമ്പില്‍ ജീവനൊടുക്കിയ ഹവില്‍ദാര്‍ വിനീതിന്റെ മരണം വെടിയേറ്റെന്ന് മലപ്പുറം എസ്പി ആര്‍ വിശ്വനാഥ്. സമര്‍ത്ഥനായ ഉദ്യോഗസ്ഥനായിരുന്നു വിനീത്. പരാജയപ്പെട്ടതിലെ ദു:ഖം വിനീതിനുണ്ടായിരുന്നുവെന്നും സംഭവം കൊണ്ടോട്ടി ഡിവൈഎസ്പി കേസ് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘2011 ല്‍ സര്‍വീസില്‍ വന്ന വ്യക്തിയാണ് വിനീത്. സമര്‍ത്ഥനായ ഉദ്യോഗസ്ഥനായിരുന്നു വിനീത്. റിഫ്രഷ് കോഴ്‌സില്‍ അദ്ദേഹം പരാജയപ്പെട്ടിരുന്നു. വിനീതിനൊപ്പം മറ്റ് പത്ത് പേരും പരാജയപ്പെട്ടു. കോഴ്‌സില്‍ പരാജയപ്പെട്ടതിലുള്ള മാനസിക വിഷമം വിനീതിനുണ്ടായിരുന്നു,’ എസ്പി ആര്‍ വിശ്വനാഥ് പറഞ്ഞു.
വിനീതിന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളേജിലായിരുന്നു പോസ്റ്റുമോര്‍ട്ടം. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിട്ടുണ്ട്. വയനാട്ടിലേക്ക് കൊണ്ടുപോയേക്കുമെന്നാണ് സൂചന. മണിക്കൂറുകള്‍ നീണ്ട ഇന്‍ക്വിസ്റ്റ് നടപടികള്‍ക്ക് ശേഷമായിരുന്നു മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയത്. സബ് കളക്ടറുടെ നേതൃത്വത്തിലായിരുന്നു ഇന്‍ക്വിസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചത്.
അതേസമയം വിനീതിന്റേതായി പുറത്തുവന്ന വാട്‌സ് ആപ്പ് സന്ദേശം വലിയ വിവാദങ്ങളിലേക്കാണ് വഴിവെക്കുന്നത്. വിനീത് ക്യാമ്പില്‍ കടുത്ത മാനസിക സംഘര്‍ഷം നേരിട്ടുവെന്ന് വ്യക്തമാക്കുന്ന സന്ദേശമാണ് പുറത്തുവന്നത്. ശാരീരിക ക്ഷമതാ പരിശോധനയില്‍ പരാജയപ്പെട്ടതും, ഗര്‍ഭിണിയായ ഭാര്യയെ ശുശ്രൂഷിക്കാന്‍ അവധി നല്‍കാത്തതുമെല്ലാം വിനീതിന്റെ മരണത്തിന് കാരണമായെന്നാണ് നിഗമനം. മരിക്കുന്നതിന് മുന്‍പ് വിനീത് താന്‍ നേരിടുന്ന പ്രശ്‌നങ്ങളും മറ്റും സൂചിപ്പിച്ച് ബന്ധുവിന് ഒരു കുറിപ്പ് നല്‍കിയിരുന്നു. ഈ കുറിപ്പ് തന്റെ രണ്ട് സുഹൃത്തുക്കളെയും ട്രെയിനിങ്ങിന്റെ ചുമതലയുള്ള അജിത് കുമാര്‍ എന്ന ഉദ്യോഗസ്ഥനെയും കാണിക്കണമെന്ന് വിനീത് ആവശ്യപ്പെടുന്നുണ്ട്.
വിനീത് ശാരീരിക ക്ഷമതാ പരിശോധനയുടെ ഭാഗമായ ഓട്ടമത്സരത്തില്‍ പരാജയപ്പെട്ടപ്പോള്‍ മേലുദ്യോഗസ്ഥര്‍ കടുത്ത ശിക്ഷ നല്‍കിയിരുന്നു. ഇതും ഗര്‍ഭിണിയായ ഭാര്യയെ പരിചരിക്കാന്‍ അവധി നല്‍കാത്തതുമാണ് സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. ബന്ധുവിന് അയച്ച കത്തില്‍ ഓട്ടത്തിന്റെ സമയം വര്‍ധിപ്പിക്കണമെന്നും ചിലര്‍ ചതിച്ചുവെന്നും പണി കൊടുക്കുന്നവരെ മാറ്റാന്‍ പറയണമെന്നും വിനീത് പറയുന്നുണ്ട്.