ഭരണഘടനയെ ഒരു കുടുംബത്തിന്റെ ‘സ്വകാര്യ സ്വത്ത്’ ആയി കോണ്‍ഗ്രസ് കണക്കാക്കുന്നു; അമിത് ഷാ
ഡല്‍ഹി: ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ കൊണ്ടുവന്ന ഭരണഘടനാ ഭേദഗതികളെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ളവയുമായി താരതമ്യപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
ഏത് പാര്‍ട്ടിയാണ് ഭരണഘടനയുടെ മൂല്യങ്ങള്‍ മാനിച്ചിട്ടുള്ളതെന്നും ആരാണ് പാലിക്കാത്തതെന്നും രാജ്യത്തെ ജനങ്ങളെ മനസ്സിലാക്കാന്‍ ഇപ്പോള്‍ നടക്കുന്ന പാര്‍ലമെന്റ് സമ്മേളനം സഹായിക്കുമെന്ന് രാജ്യസഭയില്‍ ഭരണഘടനയെക്കുറിച്ചുള്ള ദ്വിദിന ചര്‍ച്ചയുടെ സമാപനത്തില്‍ അമിത് ഷാ പറഞ്ഞു
മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്റുവിനും ഇന്ദിരാഗാന്ധിക്കുമെതിരായ ആക്രമണം തുടരുന്ന അമിത് ഷാ, ഭരണഘടനയെ ഒരു കുടുംബത്തിന്റെ ‘സ്വകാര്യ സ്വത്ത്’ആയാണ് കോണ്‍ഗ്രസ് കണക്കാക്കുന്നതെന്നും ആരോപിച്ചു.
ഞങ്ങള്‍ ഭരണഘടന മാറ്റുമെന്ന് പ്രതിപക്ഷം പറയുന്നു. ഭരണഘടന മാറ്റാനുള്ള വ്യവസ്ഥ നമ്മുടെ ഭരണഘടനയില്‍ നേരത്തെ തന്നെയുണ്ട്.
55 വര്‍ഷത്തെ ഭരണത്തില്‍ കോണ്‍ഗ്രസ് ഭരണഘടനയില്‍ 77 ഭേദഗതികള്‍ വരുത്തിയപ്പോള്‍ ബിജെപി 16 വര്‍ഷത്തിനിടെ 22 തവണ മാത്രമാണ് ഭേദഗതി വരുത്തിയത്
ബിജെപി പൗരന്മാരെ ശാക്തീകരിക്കുന്നതിലും ഭരണം മെച്ചപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍, രാഷ്ട്രീയ നേട്ടത്തിനായി കോണ്‍ഗ്രസ് എങ്ങനെയാണ് അടിസ്ഥാന ഭരണഘടനാ വ്യവസ്ഥകളില്‍ മാറ്റം വരുത്തിയതെന്നും പ്രത്യേക ഭേദഗതികള്‍ എടുത്തുകാണിച്ചുകൊണ്ട് അമിത് ഷാ വിശദീകരിച്ചു.