Latest News

‘സവര്‍ക്കറിന് എന്തുകൊണ്ടാണ് പരമോന്നത ബഹുമതിയായ ഭാരത് രത്‌ന നല്‍കാത്തത്?’; ഉദ്ധവ് താക്കറെ

 ‘സവര്‍ക്കറിന് എന്തുകൊണ്ടാണ് പരമോന്നത ബഹുമതിയായ ഭാരത് രത്‌ന നല്‍കാത്തത്?’; ഉദ്ധവ് താക്കറെ

മുംബൈ: സവര്‍ക്കറിന് എന്തുകൊണ്ടാണ് പരമോന്നത ബഹുമതിയായ ഭാരത് രത്‌ന നല്‍കാത്തത് എന്ന ചോദ്യവുമായി മുൻ മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെ. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ചോദ്യമുന്നയിച്ച് താക്കറെ രംഗത്തെത്തിയിരിക്കുന്നത്.

‘മുന്‍പ് ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ബിജെപിയോട് സവര്‍ക്കറിന് ഭാരത് രത്‌ന നല്‍കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചിരുന്നു. ഇപ്പോള്‍ വീണ്ടും ഫഡ്‌നാവിസ് തന്നെയാണ് മുഖ്യമന്ത്രി. എന്നിട്ടും ആവശ്യം അംഗീകരിക്കാന്‍ പാര്‍ട്ടി തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ സവര്‍ക്കറെ കുറിച്ച് സംസാരിക്കാന്‍ ബിജെപി യോഗ്യരല്ല. ഞാന്‍ വീണ്ടും ആവര്‍ത്തിക്കുകയാണ്, സവര്‍ക്കറിന് പരമോന്നത ബഹുമതിയായ ഭാരത് രത്‌ന നല്‍കണം,’ ഉദ്ധവ് താക്കറെ പറഞ്ഞു.

വര്‍ഷങ്ങള്‍ പഴക്കമുള്ള ജവഹര്‍ലാല്‍ നെഹ്‌റു-വീര്‍ സവര്‍ക്കര്‍ വിഷയങ്ങള്‍ വിട്ട് പകരം രാജ്യത്തിന്റെ നിര്‍ണായകമായ വികസന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന ഉപദേശവും അദ്ദേഹം ബിജെപിക്കും കോണ്‍ഗ്രസിനും നല്‍കി. നെഹ്‌റുവും സവര്‍ക്കറും രാജ്യത്തിന് അവരുടേതായ സംഭാവനകള്‍ നല്‍കിയ വ്യക്തിത്വങ്ങളാണ്. ഇന്ന് രാജ്യത്തിന്റെ വികസനവും, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുന്നതും, തൊഴിലില്ലായ്മ ഇല്ലാതാക്കലുമാണ് പ്രധാനമെന്നും താക്കറെ പറഞ്ഞു.

നാഗ്പൂരിലെ ഫഡ്‌നാവിസിന്റെ ഓഫീസിലെത്തിയായിരുന്നു ഉദ്ധവ് താക്കറെയുടെ കൂടിക്കാഴ്ച. മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് ശേഷം ഇരുവരും ത്മില്‍ നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. അടച്ചിട്ട മുറിയില്‍ പതിനഞ്ച് മിനിറ്റോളം ഇരുവരും ചര്‍ച്ചയും നടത്തിയിരുന്നു. ശിവസേന നേതാക്കളായ ആദിത്യ താക്കറെ, അനില്‍ പരാബ്, വരുണ്‍ സര്‍ദേശായ് തുടങ്ങിയവരും താക്കറെയ്‌ക്കൊപ്പം എത്തിയിരുന്നു. സ്പീക്കര്‍ രാഹുല്‍ നര്‍വേക്കറുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. 20 എംഎല്‍എമാരുള്ള പ്രതിപക്ഷ പാര്‍ട്ടിയെന്ന നിലയില്‍ മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവായി ശിവസേന യുബിടി വിഭാഗത്തിന് ലഭിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന വാദവും നിലനില്‍ക്കുന്നുണ്ട്. അതേസമയം താക്കറെയുടെ പരാമര്‍ശങ്ങളോട് കോണ്‍ഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ലോക്‌സഭയില്‍ സവര്‍ക്കറെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി രംഗത്തെത്തിയതിന് പിന്നാലെയാണ് സവര്‍ക്കറെ ഉയര്‍ത്തിപ്പിടിച്ചുള്ള താക്കറെയുടെ പരാമര്‍ശമെന്നതാണ് ശ്രദ്ധേയം.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes