ഹവിൽദാർ വിനീത് ആത്മഹത്യ ചെയ്തതിന് പിന്നിൽ അസി. കമാൻഡൻ്റ് അജിത്തെന്ന് സഹോദരൻ ബിപിൻ
മലപ്പുറം: അരീക്കോട് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് ക്യാമ്പിൽവെച്ച് ഹവിൽദാർ വിനീത് ആത്മഹത്യ ചെയ്തതിന് പിന്നിൽ അസി. കമാൻഡൻ്റ് അജിത്തെന്ന് സഹോദരൻ ബിപിൻ. അജിത്ത് ഉപദ്രവിച്ചത് കൊണ്ടാണ് വിനീത് ജീവനൊടുക്കിയത്. അജിത്തിന് വ്യക്തിവൈരാഗ്യമുണ്ടായിരുന്നു. എസ്ഒജി ക്യാമ്പിലെ ട്രെയിനിംഗിനിടെ മരിച്ച സുനീഷിന്റെ മരണത്തെ കുറിച്ച് വിനീത് പറഞ്ഞിരുന്നു. വിനീതിന് ഹെർണിയയുടെ ഓപ്പറേഷൻ കഴിഞ്ഞിരുന്നു. മറ്റ് പ്രശ്നങ്ങൾ ഇല്ല.
കടം കൊണ്ട് മരിക്കേണ്ട സാഹചര്യം വിനീതിനില്ലെന്നും ബിപിൻ പറഞ്ഞു. എസി അജിത്തിനെ മാറ്റി നിർത്തി അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. എസിയെ മാറ്റി നിർത്തിയാലേ നീതി ലഭിക്കൂവെന്നും ഇനി ഒരാൾക്കും ഇത് സംഭവിക്കരുതെന്നും സുഹൃത്ത് സന്ദീപും പ്രതികരിച്ചു.
വിനീത് അവസാന സന്ദേശം അയച്ചത് സുഹൃത്ത് സന്ദീപിനാണ്. അവസാന സമയത്ത് വിളിച്ചാൽ ഫോൺ എടുക്കാറുണ്ടായിരുന്നില്ല. അരീക്കോട് ക്യാമ്പിൽ എത്തിയപ്പോഴാണ് പ്രശ്നങ്ങൾ തുടങ്ങിയത്. മറ്റ് ക്യാമ്പുകളിൽ നിന്ന് ലീവ് ലഭിച്ചിരുന്നുവെന്നും സന്ദീപ് പറഞ്ഞു.
വയനാട് കൽപ്പറ്റ ചെങ്ങഴിമ്മൽ വീട്ടിൽ ഹവിൽദാർ വിനീതിനെ ഞായറാഴ്ച രാത്രി 8:50നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിനീത് സ്വയം വെടിയുതിർക്കുകയായിരുന്നു. ക്യാമ്പിലെ ജോലി സമ്മർദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. നേരത്തെ, ഒരു കമാൻഡോ ജോലി സമ്മർദ്ദം കാരണം ക്യാമ്പ് വിട്ട് പോയിരുന്നു. മറ്റൊരു വനിതാ കമാൻഡോ ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തിരുന്നു.