കപ്പൽ തീപ്പിടുത്തം: കൂടുതൽ കണ്ടെയ്നറുകൾ കടലിലേക്ക് വീണു, കപ്പലിൽ നിന്ന് കറുത്ത പുക ഉയരുന്നു

കേരള തീരത്ത് അറബിക്കടലിൽ വച്ച് തീപിടിച്ച വാൻ ഹയി 503 കപ്പലിൽ നിന്ന് കൂടുതൽ കണ്ടെയ്നറുകൾ കടലിലേക്ക് വീണു. കപ്പലിൽ നിന്ന് കറുത്ത പുക ഉയരുന്നുണ്ടെന്നും കപ്പൽ 15 ഡിഗ്രി ചെരിഞ്ഞെന്നും റിപ്പോർട്ടുണ്ട്. തീപിടിത്തത്തിൽ പൊള്ളലേറ്റ ആറുപേർ ചികിത്സയിലാണ്. ഗുരുതരമായി പൊള്ളലേറ്റ രണ്ടുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. കപ്പലിൽ ഉണ്ടായിരുന്ന 22 ജീവനക്കാരിൽ 18 പേരെ കപ്പലിൽ നിന്ന് ഒഴിപ്പിച്ചിരുന്നു. പരിക്കേൽക്കാതെ രക്ഷപ്പെട്ട 12 പേരെയും അപകട സ്ഥലത്ത് നിന്ന് മാറ്റി.
കപ്പലിലെ തീ പൂർണ്ണമായും അണക്കാൻ ഇത് വരെ കഴിഞ്ഞിട്ടില്ല. കപ്പലിലെ കണ്ടെയ്നറുകളിലേക്കും തീ പടർന്നു പിടിക്കുകയും പിന്നീട് കപ്പൽ മുഴുവൻ വ്യാപിക്കുകയായിരുന്നു. ഹൈ പ്രഷർ വാട്ടർ ജെറ്റ് ഉപയോഗിച്ച് തീ അണക്കാൻ ശ്രമിക്കുകയാണെന്ന് പ്രതിരോധ സേനാംഗം അതുൽപിള്ള പറഞ്ഞു. കപ്പലിലെ തീ അണക്കാനുള്ള ശ്രമത്തിനിടെ കാണാതായ നാലുപേർക്കുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.