അഹമ്മദാബാദില്‍ തകര്‍ന്ന എയര്‍ ഇന്ത്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി

അഹമ്മദാബാദില്‍ തകര്‍ന്ന എയര്‍ ഇന്ത്യ ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നാണ് ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയത്. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി)യും ഗുജറാത്ത് സര്‍ക്കാരില്‍ നിന്നുള്ള 40 ഉദ്യോഗസ്ഥരും നടത്തിയ തിരച്ചിലിലാണ് ഡിജിറ്റല്‍ ഫ്‌ളൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ അഥവാ ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയത്. ബ്ലാക്ക് ബോക്‌സിനൊപ്പം വിമാനത്തിന്റെ എമര്‍ജന്‍സി ലൊക്കേറ്റര്‍ ട്രാന്‍സ്മിറ്ററും കണ്ടെത്തി.
വിമാനത്തിന്റെ വേഗത, സമുദ്ര നിരപ്പില്‍ നിന്നുള്ള ഉയരം, എഞ്ചിന്റെ സ്ഥിതി, പൈലറ്റും എയര്‍ ട്രാഫിക് കണ്‍ട്രോളും തമ്മിലുള്ള ആശയവിനിമയം അടക്കമുള്ള കോക്ക്പിറ്റ് ഓഡിയോകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ബ്ലാക്ക് ബോക്‌സ് റെക്കോര്‍ഡ് ചെയ്യും. വിമാനത്തിന്റെ ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡര്‍ നേരത്തെ കണ്ടെത്തിയിരുന്നു.
വിമാനാപകടത്തില്‍ ഇതുവരെ 265 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 30 പേരെ കൂടി ഇനി കണ്ടെത്താനുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിമാന ദുരന്തത്തില്‍ അട്ടിമറി സാധ്യതയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. വിമാനം തകര്‍ന്ന സ്ഥലവും പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെയും പ്രധാനമന്ത്രി ഇന്ന് സന്ദര്‍ശിച്ചിരുന്നു. എയര്‍ ഇന്ത്യ സിഇഒയുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തിയിരുന്നു.