അഹമ്മദാബാദ് വിമാനപകടം: മൂന്ന് എയർ ഇന്ത്യ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ ഡിജിസിഎ നിർദേശം

മുംബൈ: അഹമ്മദാബാദ് വിമാന അപകടത്തിന്റെ പശ്ചാത്തലത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ എയർ ഇന്ത്യക്ക് നിർദ്ദേശം നൽകി. ഉദ്യോഗസ്ഥരെ ജോലിയിൽ നിന്ന് മാറ്റി നിർത്താനാണ് നിർദ്ദേശം. ഡിവിഷണൽ വൈസ് പ്രസിഡണ്ട് ഉൾപ്പെടെയുള്ള മൂന്നുപേർക്കെതിരെയാണ് നടപടി. ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാറ്റങ്ങൾ വരുത്തുമെന്നും ഇക്കാലയളവിൽ കമ്പനിയുടെ ചീഫ് ഓപ്പറേഷൻ ഓഫീസർ കാര്യങ്ങൾ നേരിട്ട് കൈകാര്യം ചെയ്യുമെന്നും എയർ ഇന്ത്യ അറിയിച്ചു. ജീവനക്കാരുടെ വിശ്രമം ലൈസൻസിംഗ് എന്നിവയുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രശ്നങ്ങൾ പുറത്തുവന്നിരുന്നു. ഇത്തരം വീഴ്ചകൾക്കെതിരെ കർശനമായ നടപടികൾ എടുക്കുന്നതായിരിക്കും എന്നും ഡിജിസിഎ പറഞ്ഞു.