നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: വോട്ടെണ്ണൽ നാളെ

നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ ഫലം തിങ്കളാഴ്ച പ്രഖ്യാപിക്കും. വോട്ടെണ്ണൽ ചുങ്കത്തറ മാർത്തോമ കോളേജിലാണ് നടക്കുക. രാവിലെ 8 മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. ഏറ്റവും ഉയർന്ന പോളിംഗ് ശതമാനം (77.25) രേഖപ്പെടുത്തിയത് അമരമ്പലം പഞ്ചായത്തിലാണ്. എൽഡിഎഫ് ഭരിക്കുന്ന ഈ പഞ്ചായത്തിൽ എൽഡിഎഫിന് വലിയ പ്രതീക്ഷയുണ്ട്. രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള പോളിംഗ് ശതമാനം കരുളായിയും പോത്തുകല്ലുമാണ്.
ഏറ്റവും കൂടുതൽ പേർ വോട്ട് ചെയ്തത് വഴിക്കടവ് പഞ്ചായത്തിലാണ്. 29,320 പേർ. ഏറ്റവും ഒടുവിലായി തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുപ്രകാരം പോളിങ് ശതമാനം 75.27 ആണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് ഏകദേശം ഒരു ശതമാനം മാത്രം കുറവാണ്. അതേസമയം കഴിഞ്ഞ തവണ വോട്ടുചെയ്‌തതിനെക്കാൾ ഇത്തവണ 1462 പേർ കൂടുതൽ വോട്ട് രേഖപ്പെടുത്തി.
യുഡിഎഫ് 12,000 മുതൽ 20,000 വരെയുള്ള ഭൂരിപക്ഷം ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എൽഡിഎഫ് 2,000 ഭൂരിപക്ഷത്തിലായിരിക്കും വിജയമെന്നാണു കണക്കാക്കുന്നത്. അൻവർ 25,000 വോട്ടുകളുടെ ഭൂരിപക്ഷം വരെ നേടാനാകുമെന്ന പ്രതീക്ഷയിലാണ്.