ഖത്തറിലെ യു എസ് സൈനികതാവളങ്ങൾക്ക് നേരെ ഇറാന്റെ ആക്രമണം

ദോഹ: ഖത്തറിലെയും ഇറാഖിലെയും യു.എസ്. സൈനിക താവളങ്ങളെ ലക്ഷ്യമാക്കി ഇറാൻ മിസൈൽ ആക്രമണം. ഇറാനിയൻ മാധ്യമങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളും വാർത്താ ഏജൻസികളും ഇക്കാര്യം റിപ്പോർട്ട് ചെയ്തു. ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളമാണ് ആക്രമണത്തിൽ പ്രധാനമായും ലക്ഷ്യമാക്കിയതെന്നാണ് വിവരം. മിസൈൽ ആക്രമണത്തെ തുടർന്ന് ദോഹ നഗരത്തിൽ സ്ഫോടനശബ്ദം കേട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അൽ ഉദൈദ് വ്യോമതാവളത്തെ ലക്ഷ്യമിട്ട് നടത്തിയ മിസൈൽ ആക്രമണം ഫലപ്രദമായി തടയാനായെന്ന് ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ചാണ് മിസൈലുകൾ പ്രതിരോധിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ആക്രമണത്തിൽ ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജ്യത്തിന്റെ അതിർത്തിയും വ്യോമപാതയും സുരക്ഷിതമാണെന്നും മന്ത്രാലയം അറിയിച്ചു.