ഗാസയിൽ ഭക്ഷണം കാത്തുനിൽക്കുന്നവർക്ക് നേരെ ഇസ്രയേൽ ആക്രമണം; 21 പലസ്തീനികൾ മരിച്ചു

ഗാസയിൽ ഭക്ഷണം കാത്തുനിൽക്കുന്നവർക്ക് നേരെ ഇസ്രയേൽ ആക്രമണം. 21 പലസ്തീനികൾ മരിച്ചുവെന്ന് റിപ്പോർട്ട്. ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ നടത്തിയിരുന്ന ഭക്ഷണവിതരണത്തിനിടെയാണ് ഇസ്രയേൽ ആക്രമണമുണ്ടായത്. മരിച്ചവരിൽ എട്ട് പേർ കുട്ടികളാണ്. 150 ഓളം പേർക്ക് പരിക്കുകളുണ്ട് എന്നാണ് വിവരം.
മധ്യ ഗാസ ഇടനാഴിയിലാണ് ആക്രമണം നടന്നതെന്നാണ് റിപ്പോർട്ട്. സംഘർഷം ആരംഭിച്ച് 20 മാസം പിന്നിടുമ്പോൾ ഗാസയിൽ ഭക്ഷണവും മരുന്നും അടക്കമുള്ള ആവശ്യവസ്തുക്കൾ ലഭിക്കാത്ത അവസ്ഥയാണുള്ളത്. ഇസ്രയേൽ സേന തന്നെ ഗാസയിലേക്കുളള അവശ്യവസ്തുക്കൾ തടഞ്ഞിരുന്നു. ഇതിനിടെയാണ് ഭക്ഷണം കാത്തുനിക്കുന്നവർക്ക് നേരെ ഇസ്രയേൽ ആക്രമണം നടത്തിയത്. മെയ് മാസം മുതൽക്ക് മാത്രം ഇസ്രയേൽ ഇത്തരത്തിൽ നടത്തിയ ആക്രമണത്തിൽ 450 പേർ മരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഏകദേശം 3500 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ട കണക്കുകൾ പറയുന്നു. ജൂൺ 20ന് ഇത്തരത്തിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഒരു ദിവസം മാത്രം 34 പേർ കൊല്ലപ്പെട്ടിരുന്നു.
ഇതിനിടെ ഗാസ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടഷൻ്റെ സഹായ വിതരണത്തിനെതിരെ യുനിസെഫ് രംഗത്ത് വന്നിരുന്നു. ജിഎച്ച്എഫിൻ്റെ വിതരണം സാഹചര്യം വഷളാക്കുന്നുവെന്നാണ് യുനിസെഫിന്റെ വിമർശനം. ഭക്ഷണം വാങ്ങാൻ സ്ത്രീകളും കുട്ടികളും തിരക്ക് കൂട്ടുന്നത് അപകടം വരുത്തിവെയ്ക്കുന്നുവെന്നാണ് യുനിസെഫ് വക്താവ് ജെയിംസ് എൽഡർ ചൂണ്ടിക്കാണിക്കുന്നത്. സഹായ വിതരണവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ തുറക്കുമ്പോൾ പങ്കുവെയ്ക്കപ്പെടുന്ന വിവരങ്ങൾ ജനങ്ങൾക്ക് ലഭിക്കുമ്പോഴേയ്ക്കും ഈ കേന്ദ്രങ്ങൾ അടച്ചിട്ടുണ്ടാകും. അതിനാൽ തന്നെ ആളുകൾക്ക് വിവരം യഥാസമയം ലഭിക്കാതെ വരുന്നത് അപകട സാധ്യത വർദ്ധിപ്പിക്കുന്നുവെന്നും യുനിസെഫ് വക്താവ് ജെയിംസ് എൽഡർ വ്യക്തമാക്കിയിരുന്നു.
Tag; Israeli airstrikes kill 21 Palestinians in Gaza as they wait for food