വാൽപ്പാറയിൽ നാല് വയസ്സുകാരിയെ കൊലപ്പെടുത്തിയ പുലിയെ പിടിച്ചു

മലക്കപ്പാറ: വാൽപ്പാറയിലെ ഝാർഖണ്ഡ് സ്വദേശിയായ നാലരവയസുകാരിയെ കൊലപ്പെടുത്തിയതായി സംശയിക്കപ്പെടുന്ന നരഭോജി പുലി പിടിയിലായി. തമിഴ്നാട് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. പുലർച്ചെയായിരുന്നു പുലിയെ കൂട്ടിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്. പുലിയെ തോട്ടം മേഖലയിൽ നിന്ന് ഉൾവനത്തിലേക്ക് മാറ്റാനാണ് വനംവകുപ്പിന്റെ പദ്ധതി.
വാൽപ്പാറയിലെ പച്ചമല എസ്റ്റേറ്റിന്റെ തെക്ക് ഡിവിഷനിൽ ജോലി ചെയ്യുന്ന ഝാർഖണ്ഡ് സ്വദേശിയായ മനോജ് കുന്ദയുടെ മകൾ റുസിനിയയാണ് കഴിഞ്ഞ വെള്ളിയാഴ്ച പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വീട്ടിനു മുന്നിൽ കളിച്ചു കൊണ്ടിരുന്ന റുസിനിയെ സമീപത്തുള്ള തേയിലത്തോട്ടത്തിൽ നിന്നെത്തിയ പുലി പിടിച്ചുയർത്തി വലിച്ചിഴച്ച് കൊണ്ടുപോയി. സമീപത്ത് ജോലി ചെയ്തുകൊണ്ടിരുന്ന തോട്ടം തൊഴിലാളികൾ ബഹളംവെച്ചെങ്കിലും പുലി കുട്ടിയുമായി തോട്ടത്തിനകത്തെക്ക് ഓടി മറഞ്ഞു.