സിറിയക്ക് മേലുള്ള വ്യാപാര-സാമ്പത്തിക ഉപരോധങ്ങൾ അവസാനിപ്പിച്ച് അമേരിക്ക

സിറിയക്ക് മേലുള്ള വ്യാപാര-സാമ്പത്തിക ഉപരോധങ്ങൾ അവസാനിപ്പിച്ച് അമേരിക്ക. വർഷങ്ങളായി അമേരിക്ക ഏർപ്പെടുത്തിയിരുന്ന വ്യാപാര-സാമ്പത്തിക ഉപരോധമാണ് അമേരിക്ക അവസാനിപ്പിച്ചത്. ഇത് സംബന്ധിച്ചുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചു. സിറിയയെ സമാധാനത്തിന്റെയും സ്ഥിരതയുടെയും പാതയിലേക്ക് കൊണ്ടുവരാൻ അമേരിക്കയുടെ പിന്തുണയുണ്ടാകുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.
എന്നാൽ, പുതിയ സിറിയൻ ഭരണകൂടത്തിന്റെ മേലുള്ള നിരീക്ഷണം അമേരിക്ക തുടരും. ഇസ്രയേലുമായുള്ള ബന്ധം, ഭീകരവാദം, പലസ്തീൻ സംഘടനകൾ എന്നിവരുമായുള്ള ബന്ധവുമാകും തുടർന്നും നിരീക്ഷണത്തിലുണ്ടാകുക. മുൻ പ്രസിഡന്റ് ബാഷർ അൽ അസദ്, അദ്ദേഹത്തിന്റെ സഹായികൾ, ഇസ്ലാമിക്ക് സ്റ്റേറ്റ്, ഇറാൻ പ്രോക്സി സംഘടനകൾ എന്നിവർക്ക് മേലുള്ള ഉപരോധങ്ങൾ തുടരുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക് ട്രംപിന്റെ നീക്കം കാരണമാകുമെന്നും, രാജ്യാന്തര സമൂഹത്തിന് മുൻപാകെ സിറിയയെ തുറന്നുനൽകുമെന്നും സിറിയൻ വിദേശകാര്യമന്ത്രി അസാദ് അൽ ഷിബാനി പറഞ്ഞു.
സിറിയയിലെ ഭരണമാറ്റത്തിന് ശേഷം അമേരിക്കൻ ഉപരോധങ്ങൾ പിൻവലിക്കുമെന്ന് ട്രംപ് വാക്കുനൽകിയിരുന്നു. 1979 മുതൽ യുഎസ് ചുമത്തിയ ഉപരോധങ്ങൾ, സൗദി കിരീടാവകാശി മൊഹമ്മദ് ബിൻ സൽമാന്റെ അഭ്യർത്ഥന പ്രകാരം പിൻവലിക്കുമെന്ന് ട്രംപ് റിയാദിൽ വെച്ച് വാക്കും നൽകിയിരുന്നു.
Tag; US ends trade and economic sanctions on Syria