വടകരയില്‍ യുവതിയേയും കുഞ്ഞിനേയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; ഓട്ടോ ഡ്രൈവര്‍ പിടിയില്‍

കോഴിക്കോട്: കോഴിക്കോട് വടകര വില്യാപ്പളളിയില്‍ 28കാരിയേയും കുഞ്ഞിനേയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമമെന്ന് പരാതി. ആശുപത്രിയിലേക്ക് പോകാന്‍ കയറിയ ഓട്ടോയിലാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. വടകര പാര്‍ക്കോ ആശുപത്രിയിലേക്കുളള യാത്രക്കിടെ സജീഷ് കുമാര്‍ ഗതാഗതക്കുരുക്ക് മൂലം വഴിമാറി പോകുകയാണെന്നും പെട്ടെന്ന് എത്താനാകുമെന്നും കാരണം പറഞ്ഞു വഴിമാറി പോകുകയായിരുന്നു. യുവതിക്ക് സംശയം തോന്നുകയും ബഹളം വക്കുകയും ചെയ്തു. നാട്ടുകാര്‍ ശ്രദ്ധിക്കുന്നുവെന്ന് മനസിലാക്കിയ പ്രതി യുവതിയേയും കുഞ്ഞിനേയും ആയഞ്ചേരി ഭാഗത്ത് ഇറക്കിവിട്ടു.
യുവതിയുടെ പരാതിയില്‍ പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍ പ്രതി പൊലീസുകാരെ മര്‍ദിച്ചു. ഓട്ടോയുടെ നമ്പര്‍ അടക്കം ഉള്‍പ്പെടുത്തി യുവതി നല്‍കിയ പരാതിക്ക് പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കണ്ണൂരിലെ വീട്ടിലെത്തിയപ്പോഴാണ് പൊലീസിന് നേരെ ആക്രമണമുണ്ടായത്. പ്രതിയെ പിടികൂടാന്‍ ശ്രമിച്ച എസ്‌ഐയുടെ തലക്ക് പരുക്കേറ്റു. ബലംപ്രയോഗിച്ചാണ് പ്രതിയെ കീഴ്‌പ്പെടുത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരുകയാണ്.