ഗാസയിൽ അൽ-ബാഖ കഫേയിൽ ആക്രമണം നടത്താൻ ഇസ്രയേൽ പ്രയോഗിച്ചത് വൻ പ്രഹര ശേഷിയുള്ള ബോംബുകളെന്ന് റിപ്പോർട്ട്

തിങ്കളാഴ്ച ഗാസയിൽ അൽ-ബാഖ കഫേയിൽ ആക്രമണം നടത്താൻ ഇസ്രയേൽ സൈന്യം പ്രയോഗിച്ചത് വൻ പ്രഹര ശേഷിയുള്ള ബോംബുകളെന്ന് റിപ്പോർട്ട്. വൻ സ്ഫോടന തരംഗമുണ്ടാക്കുന്ന ബോംബിന് 500lb (230kg) ഭാരമുളളതയാണ് വിവരങ്ങൾ. കുട്ടികളും സ്ത്രീകളും പ്രായമായവരും ഉൾപ്പെടെ നിരവധി സാധാരണക്കാർ കൊല്ലപ്പെട്ടു. ഇസ്രയേൽ സൈന്യത്തിന്റെ ഭാഗത്ത് നിന്നുണ്ടായത് നിയമവിരുദ്ധമാണെന്നും യുദ്ധ കുറ്റമായി കണക്കാക്കണമെന്നുമുള്ള ആവശ്യവുമായി അന്താരാഷ്ട്ര നിയമ വിദഗ്ധർ രംഗത്ത് വന്നിട്ടുണ്ട്.
അൽ-ബാഖ കഫേയുടെ സമീപത്ത് നിന്ന് കണ്ടെത്തിയ ആയുധത്തിൻ്റെ അവശിഷ്ടങ്ങളുടെ ചിത്രം അന്തർദേശീയ മാധ്യമമായ ദി ഗാർഡിയൻ പുറത്ത് വിട്ടു. എംകെ-82 ജനറൽ പർപ്പസ് എന്ന് പേര് നൽകിയിരിക്കുന്ന ഈ ബോംബിന് 230 കിലോഗ്രാം ഭാരമുണ്ടെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. യുഎസ് നിർമ്മിതമായ ബോംബാണ് ഇതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ആക്രമണത്തിൽ പ്രദേശത്ത് വലിയ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്. എംകെ-82 പോലുള്ള വലുതും ശക്തവുമായ ബോംബ് ഉപയോഗിക്കുമ്പോഴാണ് ഇത്തരത്തിൽ വലിയ ഗർത്തങ്ങൾ രൂപപ്പെടുന്നതെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
സംഭവത്തിന് പിന്നാലെ പ്രതികരണവുമായി ഇസ്രയേൽ രംഗത്തെത്തിയിട്ടുണ്ട്. സാധാരണ ജനങ്ങൾക്ക് ദോഷകരമാമാകുന്ന സാഹചര്യങ്ങൾ ലഘൂകരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) വക്താവ് പറഞ്ഞു. അൽ-ബാഖ കഫേയുടെ സമീപത്തുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ 24 മുതൽ 36 വരെ പലസ്തീനികൾ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. കൊല്ലപ്പെട്ടവരിൽ നാല് വയസ്സുള്ള ഒരു കുട്ടിയും ഉളളതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്ത്രീകളടക്കം നിരവധി പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. രണ്ട് നിലകളുള്ള തിരക്കേറിയ കഫേയാണ് അൽ-ഖാബ. അവിടെ ഇസ്രയേൽ സൈന്യത്തിന്റെ ലക്ഷ്യം എന്തായിരുന്നുവെന്നത് വ്യക്തമല്ലയെന്ന് ഹ്യൂമൻ റൈറ്റ്‌സ് വാച്ചിലെ പ്രൊഫസർ ജെറി സിംപ്‌സൺ പറഞ്ഞു. സാധാരണ ജനങ്ങളുടെ അപകടങ്ങൾ കുറയ്ക്കുന്നതിനായി ഇസ്രയേൽ വ്യോമ നിരീക്ഷണം നടത്തിയിയിരുന്നു. ആക്രമണം ഉണ്ടായ സമയത്ത് കഫേയിൽ നിരവധി ആളുകൾ ഉളളതായി സൈന്യത്തിന് അറിയാമായിരുന്നുവെന്നും സിംപ്‌സൺ ചൂണ്ടിക്കാണിച്ചു. അൽ-ബാഖ കഫേ ഏകദേശം 40 വർഷം മുമ്പാണ് സ്ഥാപിതമായത്. ഗാസയിലെ ഒരു പ്രധാന വിനോദ കേന്ദ്രമായാണ് ഇത് അറിയപ്പെടുന്നത്.
Tag; Israel reportedly used high-explosive bombs to attack Al-Baqa Cafe in Gaza