ലഹരിമരുന്ന് മിഠായി രൂപത്തിലാക്കി വിൽപ്പന; 15 പേർ ദുബായിൽ പിടിയിൽ

ലഹരിമരുന്ന് മിഠായി രൂപത്തിലാക്കി വിൽപ്പന നടത്തിയ 15 പേർ ദുബായിൽ പിടിയിൽ. 24 ലക്ഷം ദിർഹം വിലമതിക്കുന്ന 48 കിലോഗ്രാം ലഹരിമരുന്നും 1100 മിഠായികളുമാണ് ദുബൈ പൊലീസ് പിടിച്ചെടുത്തത്. പിടിയിലായത് മുഴുവൻ സ്ത്രീകളാണ്. മിഠായി വിൽപനയുടെ മറവിൽ ലഹരിമരുന്ന് കലർത്തിയ മധുരപലഹാരങ്ങളും ച്യൂയിംഗവും വിതരണം ചെയ്യാനായിരുന്നു പ്രതികളുടെ ലക്ഷ്യം. സാമൂഹിക മാധ്യമങ്ങളിലൂടെയായിരുന്നു സംഘം ലഹരിമരുന്ന് വ്യാപാരം നടത്തിയിരുന്നത്. യുവജനങ്ങളെ ലക്ഷ്യമിട്ട് ആയിരുന്നു സംഘത്തിന്റെ പ്രവർത്തനം.
രാജ്യത്തിന് പുറത്തുനിന്നാണ് സംഘം പ്രവർത്തിച്ചിരുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ ഇവരെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞതായി ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് നാർക്കോട്ടിക്സിലെ ഇന്റർനാഷനൽ പ്രൊട്ടക്ഷൻ സെന്റർ ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ഡോ. അബ്ദുറഹ്മാൻ ഷറഫ് അൽ മാമരി പറഞ്ഞു.