ചികിത്സയിലിരിക്കെ മരിച്ച മലപ്പുറം മങ്കട സ്വദേശിനിയായ 18 വയസ്സുകാരിക്ക് നിപ സ്ഥിരീകരിച്ചു

ചികിത്സയിലിരിക്കെ മരിച്ച മലപ്പുറം മങ്കട സ്വദേശിനിയായ 18 വയസ്സുകാരിക്ക് നിപ സ്ഥിരീകരിച്ചു. അന്തിമ സ്ഥിരീകരണത്തിനായി സാമ്പിൾ പൂനെ വൈറോളജി ലാബിലേക്ക് അയച്ചു. രോഗലക്ഷങ്ങളോടെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ യുവതിയെ കഴിഞ്ഞ മാസം 28-നാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.
ഈ മാസം ഒന്നിനാണ് മരണം സംഭവിച്ചത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് പോസ്റ്റ്മോർട്ടം നടത്തുകയായിരുന്നു. പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചതിനാൽ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഒരു ഡോക്ടറും രണ്ടു ജീവനക്കാരും ഹോം ക്വാറന്റൈനിലാണ്.
അതേസമയം, നിപ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മറ്റൊരു യുവതിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണ്. പൂനെ വൈറോളജി ലാബിലേക്ക് അയച്ച സാമ്പിളിന്റെ ഫലം ഇന്ന് വരും. കോഴിക്കോട് ബയോളജി ലാബിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ നിപ പോസിറ്റീവായിരുന്നു. എന്നാൽ, പൂനെയിലേക്ക് അയച്ച സ്രവ സാമ്പിളിന്റെ ഫലം ലഭിച്ചാൽ മാത്രമേ നിപ സ്ഥിരീകരിക്കാനാകൂവെന്ന് മലപ്പുറം കളക്ടറും മലപ്പുറം, പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസർമാരും അറിയിച്ചു.
പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലാണ് രോഗി ചികിത്സയിൽ കഴിയുന്നത്. രോഗിയുമായി സമ്പർക്കമുണ്ടായവരോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിർദേശം നൽകിയിട്ടുണ്ട്.
Tag: An 18-year-old woman from Mankada, Malappuram, who died while undergoing treatment, has been confirmed to have Nipah