കെട്ടിടം തകർന്നുവീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന് വിട നൽകി നാട്

മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നുവീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന് വിട നൽകി നാട്. മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ബന്ധുക്കളും നാട്ടുകാരുമടക്കം നിരവധിപ്പേരാണ് ബിന്ദുവിനെ അവസാനമായി കാണാൻ വീട്ടിലേക്ക് എത്തിയത്. കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്, ചാണ്ടി ഉമ്മൻ എംഎൽഎ എന്നിവർ വീട്ടിലെത്തി ബിന്ദുവിന്റെ ഭർത്താവ് വിശ്രുതനെയും അമ്മ സീതാലക്ഷ്മിയേയും കണ്ടു.
മകൾ നവമിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ എത്തിയ ബിന്ദു കഴിഞ്ഞ ദിവസമാണ് അപ്രതീക്ഷിതമായുണ്ടായ അപകടത്തിൽ മരിച്ചത്. രാവിലെ കുളിക്കാനായി ബിന്ദു കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ശുചിമുറിയിലേക്ക് പോയത്. അപ്പോഴായിരുന്നു അപകടം. ബിന്ദുവിനെ പുറത്തെടുക്കുമ്പോൾ തന്നെ ജീവനറ്റനിലയിലായിരുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ബിന്ദു രണ്ട് മണിക്കൂറോളം കെട്ടിടാവശിഷ്ടത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.
അതേസമയം, ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം നൽകുമെന്ന് മന്ത്രി വി എൻ വാസവൻ വ്യക്തമാക്കി. സംസ്കാര ചടങ്ങുകൾക്കായി 50,000 രൂപയും മറ്റ് ധനസഹായം മന്ത്രിസഭ ചേർന്ന് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവം നിർഭാഗ്യകരമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
രക്ഷാപ്രവർത്തനം നേരത്തെ തുടങ്ങിയിരുന്നെങ്കിൽ ബിന്ദുവിനെ ഒരുപക്ഷെ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഭർത്താവ് വിശ്രുതൻ രംഗത്തുവന്നിരുന്നു. ആരെയും കുറ്റപ്പെടുത്താനില്ലെന്നും ഉണ്ടായത് കടുത്ത അനാസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മകളുടെ തുടർ ചികിത്സ ഉറപ്പാക്കാമെന്ന് സിപിഐഎം നേതാക്കൾ അറിയിച്ചുവെന്നും വിശ്രുതൻ പറഞ്ഞു.