ടെക്സസിലെ മിന്നൽ പ്രളയം: 78 പേർ മരിച്ചു, അനുശോചനമറിയിച്ച് യുഎഇ

വാഷിങ്ടണ്‍: അമേരിക്കയിലെ ടെക്സസിലുണ്ടായ മിന്നല്‍ പ്രളയത്തിൽ 28 കുട്ടികൾ ഉൾപ്പെടെ 78 പേർ മരിച്ചു. ട്രാവിസ്, ബർനെറ്റ്, കെൻഡൽ, ടോം ഗ്രീൻ, വില്യംസൺ കൗണ്ടികളിൽ 10 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു. വെള്ളപ്പൊക്കത്തിൽ നിരവധി ആളുകളെ കാണാതായി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 40ലധികം പേരെ ഇപ്പോഴും കാണാതായിട്ടുണ്ടെന്നും എണ്ണം വർദ്ധിച്ചേക്കാമെന്നും ടെക്സസ് അധികൃതർ പറയുന്നു. രക്ഷാപ്രവർത്തനത്തെ പിന്തുണയ്ക്കുന്നതിനായി യുഎസ് കോസ്റ്റ് ഗാർഡ് കൂടുതൽ വ്യോമസേനയെ വിന്യസിച്ചിട്ടുണ്ട്. ടെക്സസ് ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി പ്രകാരം ഇതുവരെ 850ലധികം പേരെയാണ് രക്ഷപ്പെടുത്തിയിരിക്കുന്നത്.
പ്രളയത്തിൽ നിരവധി പേർ മരിക്കുകയും കാണാതാവുകയും ചെയ്ത സംഭവത്തിൽ യുഎഇ അനുശോചനം അറിയിച്ചു. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും അമേരിക്കയിലെ ജനങ്ങൾക്കും സർക്കാരിനും ആത്മാർത്ഥമായ അനുശോചനം അറിയിക്കുന്നതായി യുഎഇ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.