സംസ്ഥാനത്ത് ദേശീയ പണിമുടക്ക്: കെഎസ്ആർടിസി സർവീസുകൾ മുടങ്ങി, യാത്രക്കാരിൽ ആശങ്ക

സംസ്ഥാനത്ത് ദേശീയ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ കെഎസ്ആർടിസി ബസ് സർവീസുകൾ അടക്കമുള്ള പൊതുഗതാഗത സംവിധാനം ഭാഗികമായി മുടങ്ങിയതോടെ ദീർഘദൂര യാത്രക്കാർ കടുത്ത പ്രതിസന്ധിയിലായി. പല ഇടങ്ങളിലും സർവീസ് ആരംഭിച്ച കെഎസ്ആർടിസി ബസുകൾ സമരാനുകൂലികൾ തടഞ്ഞതിനെ തുടർന്ന് യാത്രാ സംവിധാനങ്ങൾ തളർത്തപ്പെട്ടു.
തിരുവനന്തപുരം തമ്പാനൂർ ഡിപ്പോയിൽ ബസുകൾ യാത്ര പുറപ്പെടാൻ തയ്യാറായെങ്കിലും സമര അനുകൂലികൾ വട്ടമിട്ട് ബസുകൾ തടഞ്ഞു. റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേർന്ന യാത്രക്കാർ തിരിച്ചു പോകാനാവാതെ കാത്തുനിൽക്കുകയാണ്. തമ്പാനൂർ ടെർമിനലിൽ നിന്നും കെഎസ്ആർടിസി സർവീസുകൾ പൂര്‍ണമായി മുടങ്ങി. നിരത്തുകളിൽ ചുരുക്കം ഓട്ടോറിക്ഷകൾ മാത്രമാണ് ഓടുന്നത്. അടിയന്തരമായ ആരോഗ്യപരിശോധനയ്ക്കായി ആർസിസിയിലേക്കും മെഡിക്കൽ കോളേജിലേക്കും പോകുന്ന രോഗികൾക്കായി പൊലീസ് പ്രത്യേക വാഹനങ്ങൾ ഒരുക്കിയിട്ടുണ്ട്.
പത്തനംതിട്ട ഡിപ്പോയിൽ നിന്ന് കൊല്ലത്തേക്ക് പുറപ്പെട്ട ബസ് സമരാനുകൂലികൾ തടഞ്ഞു. കൊച്ചിയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള സ്വിഫ്റ്റ് ബസ് തടയപ്പെട്ടതും യാത്രക്കാരെ ഏറെ ബാധിച്ചു.
കോഴിക്കോടിലും കണ്ണൂരിലും കെഎസ്ആർടിസി സർവീസുകൾ ഭാഗികമായി നിലച്ചിരിക്കുകയാണ്. കണ്ണൂരിൽ രാവിലെ പുറപ്പെടേണ്ട 21 സർവീസുകളെല്ലാം മുടങ്ങിയപ്പോൾ മൂകാംബികയിലേക്കുള്ള ഒരു ബസ് മാത്രമാണ് സർവീസ് നടത്തിയത്. പൊലീസ് സുരക്ഷ ഉറപ്പാകുന്ന സാഹചര്യത്തിൽ മാത്രമേ സർവീസ് നടത്താനാകൂവെന്ന് ഡിപ്പോ അധികൃതർ അറിയിച്ചു.
കൊല്ലം: പണിമുടക്കിന്റെ ഭാഗമായി സി.ഐ.ടി.യു. പ്രവർത്തകർ ബസുകൾ തടഞ്ഞു. അമൃത ആശുപത്രിയിലേക്കും മൂന്നാറിലേക്കും പോകേണ്ട സൂപ്പർഫാസ്റ്റ് ബസുകൾ മുടങ്ങി.
ഇടുക്കി: കട്ടപ്പനയിൽ നിന്നും 15, കുമളിയിൽ നിന്നുമുള്ള 5 ബസുകൾ സർവീസ് നടത്തി. കട്ടപ്പനയിൽ നിന്നുള്ള സൂപ്പർഫാസ്റ്റ് ബസ് പോലീസ് എസ്കോർട്ടോടെയാണ് തിരുവനന്തപുരത്തേക്ക് പോയത്.
മലപ്പുറം: ഡിപ്പോയിൽ നിന്ന് ഹരിപ്പാട്, കോഴിക്കോട് റൂട്ടുകളിൽ സർവീസുകൾ ആരംഭിച്ചു.
ആലപ്പുഴ: മുഴുവൻ കെഎസ്ആർടിസി സർവീസുകളും നിലച്ചു. 56 ബസുകൾ സർവീസിൽ നിന്ന് പിന്‍വാങ്ങിയിട്ടുണ്ട്. ബോട്ടുകളും സർവീസ് നടത്തുന്നില്ല.
പേരൂർക്കട: ഇലക്ട്രിക് ബസുകൾ ചാർജിംഗിനായി മാറ്റാൻ ശ്രമിച്ചപ്പോൾ സമരാനുകൂലികൾ ബസ്സുകൾ തടഞ്ഞു.
കൊച്ചിയിലെ മെട്രോ സർവീസിന് യാതൊരു തടസ്സവുമില്ല. വിദ്യാഭ്യാസ മേഖലയിൽ മാറ്റങ്ങളൊന്നുമില്ല – ഇഗ്നോയും പിജി പരീക്ഷകളും നിശ്ചയപ്രകാരം നടക്കും. പണിമുടക്ക് ഇന്ന് അർദ്ധരാത്രി വരെ തുടരും.
Tag: National strike in the state: KSRTC services disrupted, passengers worried