പണിമുടക്കിന് പിന്നിലെ പ്രധാന ആവശ്യങ്ങളും നാല് തൊഴിൽ കോഡുകളും

കേന്ദ്ര സർക്കാരിന്റെ തൊഴില്‍-കാര്‍ഷിക-സാമ്പത്തിക മേഖലയിലെ വിരുദ്ധ നയങ്ങൾക്കെതിരെ 10 പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ സംയുക്തമായി ആഹ്വാനം ചെയ്ത പൊതുപണിമുടക്ക് രാജ്യത്ത് പുരോഗമിക്കുകയാണ്. പൊതുമേഖല സ്ഥാപനങ്ങളിലെ അടക്കം 25 കോടിയിലേറെ തൊഴിലാളികള്ളാ് പണിമുടക്കിൽ പങ്കുചേരുന്നത്. കേരളത്തിൽ പണിമുടക്ക് പൂർണമാണ്. കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിൽ ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. ഇന്ന് അർധരാത്രി വരെയാണ് പണിമുടക്ക്. സർക്കാർ ജീവനക്കാർക്ക് ഇന്ന് അവധിയെടുക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്തി സംസ്ഥാന സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. 17 ഇന ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടും കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചുമാണ് രാജ്യത്തെ പ്രധാന ട്രേഡ് യൂണിയനുകൾ ദേശവ്യാപകമായ പണിമുടക്ക് നടത്തുന്നത്. സിഐറ്റിയു, എഐറ്റിയുസി, എച്ച്എംഎസ്, എച്ച്എംകെപി, കെറ്റിയുസി(എം),ജെഎൽയു, എസ്ഇഡബ്ല്യുഎ,കെറ്റിയുസി, എൻഎൽസി, ഐഎൻഎൽസി, എൻടിയുഐ, എന്നി സംഘടനകളാണ് പ്രധാനമായും ഹർത്താലിന് നേതൃനിരയിലുള്ളത്.
എന്തൊക്കെയാണ് പണിമുടക്കിന് പിന്നിലെ പ്രധാന ആവശ്യങ്ങൾ:
തൊഴിലാളികളുടെ അവകാശങ്ങൾ ഇല്ലാതാക്കുന്ന ഒന്നാണ് തൊഴിലാളി കോഡുകൾ. ഇതനുസരിച്ച് തൊഴിൽ സമയം വർദ്ധിക്കുകയും തൊഴിലുടമകളുടെ നിയമലംഘനങ്ങളെ ചോദ്യം ചെയ്യാനുള്ള അവകാശം കുറയുകയും ചെയ്യും. നാല് പുതിയ തൊഴിൽ കോഡുകൾ പിൻവലിക്കുക എന്നതാണ് പണിമുടക്കിന്റെ പ്രധാന ആവശ്യം.
ദ കോഡ് ഓണ്‍ വേജസ് 2019, ദ ഒക്യുപേഷണല്‍ സേഫ്റ്റി, ഹെല്‍ത് ആന്റ് വര്‍കിംഗ് കണ്ടീഷന്‍ കോഡ് 2020, സോഷ്യല്‍ സെക്യൂരിറ്റി കോഡ് 2020, ദ കോഡ് ഓണ്‍ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് 2020 എന്നിവയാണ് നാല് കോഡുകൾ.
അസംഘടിത മേഖലയിലെ തൊഴിലാളികൾക്കും, കരാർ തൊഴിലാളികൾക്കും സ്കീം തൊഴിലാളികൾക്കും ഉൾപ്പെടെ എല്ലാ തൊഴിലാളികൾക്കും പ്രതിമാസം 26,000 രൂപ മിനിമം വേതനമായി ഉറപ്പിക്കണമെന്നാണ് മറ്റൊരാവശ്യം. എല്ലാ വിഭാഗം തൊഴിലാളികൾക്കും പ്രതിമാസം ഒമ്പതിനായിരം രൂപ മിനിമം പെൻഷനും സമഗ്രമായ സാമൂഹ്യ സുരക്ഷയും ഉറപ്പാക്കണം. തൊഴിലിനെ താൽക്കാലികവൽകരിക്കുന്ന സമ്പ്രദായം ഒഴിവാക്കണം. പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക. ബോണസ്, പ്രൊവിഡൻ്റ് ഫണ്ട് പരിധി എടുത്തു കളയുക, അപേക്ഷിച്ച് 45 ദിവസത്തിനകം ട്രേഡ് യൂണിയനുകളുടെ രജിസ്ട്രേഷൻ നൽകുക എന്നിവയും ആവശ്യങ്ങളിൽ പെടുന്നു.
മേഖല സ്ഥാപനങ്ങളുടെയും സർക്കാർ വകുപ്പുകളുടെയും സ്വകാര്യവൽക്കരണത്തെയും ദേശീയ ധനസമ്പാദന പദ്ധതിയെയും യൂണിയനുകൾ ശക്തമായി എതിർക്കുന്നു. തൊഴിലെടുക്കാനുള്ള അവകാശം മൗലിക അവകാശമാക്കുക സർക്കാർ ഒഴിവുകളിൽ എല്ലാം നിയമനം നടത്തുക തൊഴിലുകൾ ഇല്ലാത്തവർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങളും യൂണിയനുകൾ ഉന്നയിക്കുന്നു. ഭക്ഷണം, മരുന്ന് ,കാർഷിക ഉത്പന്നങ്ങൾ,യന്ത്രസാമഗ്രികൾ എന്നിവയുടെ ജിഎസ്ടി ഒഴിവാക്കുക പെട്രോളിയം ഉൽപ്പന്നങ്ങളുടെയും പാചക വാതകത്തിന്റെയും കേന്ദ്ര എക്സൈസ് കുറയ്ക്കുക, സാർവത്രിക പൊതുവിതരണ സംവിധാനം വഴി ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുക, അതേ സമ്പന്നർക്ക് നികുതി ചുമത്തുക കോർപ്പറേറ്റ് നികുതി വർധിപ്പിക്കുക എന്നിങ്ങനെ ഒരു കൂട്ടം ആവശ്യങ്ങളും ഉണ്ട്.
എല്ലാവർക്കും സൗജന്യ വിദ്യാഭ്യാസം, ആരോഗ്യം, വെള്ളം, ശുചിത്വം എന്നിവയ്ക്കുള്ള ആവകാശം ഉറപ്പാക്കുക, വൈദ്യുതി ഭേദഗതി ബിൽ 2022 പിൻവലിക്കാനും വൈദ്യുതിയുടെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കാനും പ്രീപെയ്ഡ് സ്മാർട്ട് മീറ്ററുകൾ വേണ്ടെന്നു വയ്ക്കാനും യൂണിയനുകൾ ആവശ്യപ്പെടുന്നുണ്ട്. ഗ്വാരണ്ടീഡ് സംഭരണത്തോടെ എല്ലാ കാർഷിക ഉൽപ്പന്നങ്ങൾക്കും MSP@C-2+50% വിത്ത്, വളം, ഇൻപുട്ട് സബ്‌സിഡി വർദ്ധിപ്പിക്കുക, കിസാൻ സമരത്തിൽ കേന്ദ്രസർക്കാർ നൽകിയ ഉറപ്പുകൾ നടപ്പിലാക്കുക, വനാവകാശ നിയമത്തിൻ്റെ (എഫ് ആർ എ )കർശനമായ നടപ്പാക്കൽ, 2023 ലെ വന (സംരക്ഷണ) നിയമത്തിലെയും ഭേദഗതികൾ പിൻവലിക്കുക എന്ന ആവശ്യങ്ങളും ഉയർത്തുന്നുണ്ട്.
നിർമ്മാണ തൊഴിലാളികൾക്ക് ക്ഷേമനിധിയിൽ നിന്നുള്ള സംഭാവനകളോടെ ഇഎസ്ഐ പരിരക്ഷ നൽകുക, ആരോഗ്യ പദ്ധതികൾ, പ്രസവാനുകൂല്യങ്ങൾ, ലൈഫ് വൈകല്യ ഇൻഷുറൻസ് എന്നിവയ്ക്കും കവറേജ് നൽകുക. ആവിഷ്‌കാര സ്വാതന്ത്ര്യം, വിയോജിക്കാനുള്ള അവകാശം, മതസ്വാതന്ത്യം, വൈവിധ്യമാർന്ന സംസ്‌കാരങ്ങൾ, ഭാഷകൾ, നിയമത്തിന് മുന്നിൽ സമത്വം രാജ്യത്തിന്റെ ഫെഡറൽ ഭരണഘടന തുടങ്ങിയ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾക്കെതിരായ ആക്രമണം അവസാനിപ്പിക്കുക, അവകാശ സംരക്ഷണം, തൊഴിൽ പരിഷ്കരണം, സാമൂഹ്യക്ഷേമം സാമ്പത്തിക നയങ്ങൾ എന്നിവയ്ക്ക് ഊന്നൽ കൊടുത്ത് ഈ മേഖലയിലെ നിലവിലെ ആശങ്കകൾ ചൂണ്ടിക്കാട്ടുകയാണ് ഈ പണിമുടക്കിന്റെ ലക്ഷ്യം.
Tag:main demands behind the strike and the four labor codes