Latest News

ഏഷ്യയിലെ ചൂട് കൂടുന്നു ; മുന്നറിയിപ്പ്

 ഏഷ്യയിലെ ചൂട് കൂടുന്നു ; മുന്നറിയിപ്പ്

ലോകത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ഏഷ്യയിൽ ചൂട് കൂടുന്നത് ഇരട്ടി വേഗത്തിലെന്ന് ലോക കാലാവസ്ഥാ സംഘടനയുടെ (WMO) റിപ്പോർട്ട്.1961-1990 കാലഘട്ടത്തേതിനെക്കാള്‍ 1991-2024ല്‍ ചൂട് ഇരട്ടിയായി എന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.ശരാശരി താപനിലയേക്കാൾ 1.04 ഡിഗ്രി സെൽഷ്യസ് വർധനവാണ്‌ 2024 ൽ രേഖപ്പെടുത്തിയത്. ഏഷ്യയിലെ മിക്ക രാജ്യങ്ങളിലും താപനില ശരാശരിയേക്കാൾ കൂടുതലായിരുന്നു. 2024-ൽ ഇന്ത്യ ഉൾപ്പടെ ഏഷ്യയുടെ പല ഭാഗങ്ങളിലും നീണ്ടുനിൽക്കുന്ന തീവ്ര ഉഷ്ണതരംഗങ്ങൾ അനുഭവപ്പെട്ടു. രാജ്യത്തുടനീളം ഉഷ്ണ തരംഗങ്ങളിൽ 450ലധികം ആളുകൾക്ക് ജീവൻ നഷ്ടമായി.

ഏഷ്യയിൽ സമുദ്രോപരിതല താപനില ഓരോ ദശകത്തിലും 0.24°C എന്ന നിരക്കിൽ വർധിച്ചു. ഇത് ആഗോള ശരാശരിയായ 0.13°C യുടെ ഇരട്ടിയാണ്.1993 ജനുവരി മുതൽ 2024 നവംബർ വരെയുള്ള കാലയളവിൽ ഇന്ത്യൻ, പസഫിക് സമുദ്ര പ്രദേശങ്ങളിലെ സമുദ്രനിരപ്പ് ഉയരുന്നതിന്റെ നിരക്ക് ആഗോള ശരാശരിയേക്കാൾ കൂടുതലായതിനാൽ താഴ്ന്ന പ്രദേശങ്ങളിലെ തീരപ്രദേശങ്ങളിൽ അപകടസാധ്യത വർധിച്ചതായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

2024 ഓഗസ്റ്റിനും സെപ്റ്റംബറിനുമിടയില്‍ 150 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ സമുദ്രമേഖല- അതായത് ഭൂമിയിലെ മൊത്തം സമുദ്രത്തിന്‍റെ പത്തിലൊന്നും വന്‍തോതില്‍ ചൂട് പിടിച്ചു. ഏഷ്യയിലെ താപനില വര്‍ധിക്കുന്നത് ആര്‍ട്ടിക് സമുദ്രത്തിലെ കടല്‍ മഞ്ഞ് വൻ തോതിൽ ഉരുകുന്നതിനും കാരണമാകുന്നു.
കഴിഞ്ഞ വർഷം ചുഴലിക്കാറ്റ്, പ്രളയം, മണ്ണിടിച്ചിൽ തുടങ്ങി അതിതീവ്രമായ കാലാവസ്ഥാ ദുരന്തങ്ങളാണ് ഏഷ്യൻ രാജ്യങ്ങളിൽ ഉണ്ടായത്. ഏറ്റവും ശക്തമായ കൊടുങ്കാറ്റായ യാഗി ഉഷ്ണമേഖലാ ചുഴലിക്കാറ്റ് വിയറ്റ്നാം, ഫിലിപ്പീൻസ്, ലാവോ പിഡിആർ, തായ്‌ലൻഡ്, മ്യാൻമർ, ചൈന എന്നിവിടങ്ങളിൽ വ്യാപകമായ നാശനഷ്ടങ്ങൾക്കും ആളപായങ്ങൾക്കും കാരണമായി.

വലിയ പ്രകൃതി ദുരന്തമാണ് കേരളത്തിലും കഴിഞ്ഞ വർഷം ഉണ്ടായത്. വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടലിൽ 400 ലധികം ആളുകൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിൽ ഒന്നായിരുന്നു അത്. അന്ന് 48 മണിക്കൂറിനുള്ളിൽ 500 മില്ലീമിറ്ററിൽ കൂടുതൽ മഴയാണ് പ്രദേശത്ത് പെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes