നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ശ്രമം തുടരും; കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് എംപിമാർ

യെമനിൽ വധശിക്ഷ കാത്ത് തടവിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ശക്തമാകുന്നു. കേരളത്തിൽ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങൾ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
സി.പി.ഐ.എം എം.പി ഡോ. ജോൺ ബ്രിട്ടാസ് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിന് കത്തയച്ചിരിക്കുകയാണ്. എം.പി കെ. രാധാകൃഷ്ണൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പാർലമെന്റിൽ ഇതുവരെ വിവിധ അവസരങ്ങളിൽ ഈ വിഷയമുയർത്തിയിട്ടുണ്ടെന്ന് ഇരുവരും വ്യക്തമാക്കി.
ജയിൽ അധികൃതർക്കു ലഭിച്ച നിർദേശ പ്രകാരം നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പാക്കാനാണ് യെമനിലെ പബ്ലിക് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടത്. ഇത്തരം നിർണായക ഘട്ടത്തിൽ കേന്ദ്രത്തിന്റെ സമയബന്ധിതമായ ഇടപെടൽ അനിവാര്യമാണെന്ന് കെ. രാധാകൃഷ്ണൻ എം.പി പറഞ്ഞു. യെമനിലെ സാമൂഹ്യപ്രവർത്തകരും യുവതിയുടെ ജീവരക്ഷയ്ക്കായി ഇടപെടുന്നുണ്ട്. കേന്ദ്രം സജീവമായി സഹായിച്ചാൽ കാര്യത്തിൽ മാറ്റമുണ്ടാകാനാകും.
ഇറാനുമായി ഇന്ത്യക്കുള്ള നയതന്ത്ര ബന്ധം ഉപയോഗിച്ച് വിഷയത്തിൽ ഊർജ്ജിതമായി ഇടപെടണമെന്ന് കഴിഞ്ഞ ബജറ്റ് സമ്മേളനത്തിൽ തന്നെ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. ഇതിനായി വിദേശകാര്യ വകുപ്പ് യെമനിലേക്ക് 40,000 ഡോളർ അയച്ചതായും, എന്നാൽ ആ പണം എവിടെയൊക്കെ ഉപയോഗിച്ചതെന്നതിനെക്കുറിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതോടെ ആക്ഷൻ കമ്മിറ്റി ഇനി എത്ര പണമാണ് വേണ്ടതെന്ന് കേന്ദ്രത്തോട് അന്വേഷിച്ചിട്ടുണ്ടെന്നും ബ്രിട്ടാസ് കൂട്ടിച്ചേർത്തു.
അതേസമയം, കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബു മഹ്ദിയുടെ കുടുംബവുമായി ചർച്ചകൾ തുടരുകയാണ്. 2017 ജൂലായിലാണ് നിമിഷപ്രിയയും കൂട്ടാളിയും ചേര്‍ന്ന് അബു മഹ്ദിയെ കൊലപ്പെടുത്തി, മൃതദേഹം വീട്ടുമുകളിലെ വാട്ടർടാങ്കിൽ ഒളിപ്പിച്ചെന്ന് ആരോപണം.
Tag: Efforts to avoid Nimishapriya’s execution will continue; MPs demand central intervention