വിഭാഗീയതയിൽ നേരിട്ട് ഇടപെടാൻ സിപിഎം സംസ്ഥാന നേതൃത്വം: ടിപി രാമകൃഷ്ണനും ശൈലജയും എംവി ജയരാജനും വയനാട്ടിലേക്ക്

സിപിഎം. വയനാട് ഘടകത്തിലെ രൂക്ഷമായ വിഭാഗീയ പ്രശ്നങ്ങളിൽ സംസ്ഥാന നേതൃത്വം നേരിട്ട് ഇടപെടുന്നു. പാർട്ടിയിൽ കടുത്ത പൊട്ടിത്തെറികൾ പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെയാണ് ആദ്യമായി സംസ്ഥാന നേതാക്കൾ വിഷയത്തിൽ ഇടപെടുന്നത്. ഈ മാസം 15-ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.പി. രാമകൃഷ്ണൻ, കെകെ. ശൈലജ, എംവി ജയരാജൻ എന്നിവർ വയനാട്ടിലെത്തി വിഭാഗീയ പ്രശ്നങ്ങൾ സംബന്ധിച്ച് ചർച്ച നടത്തും. മറ്റ് സംഘടനാ വിഷയങ്ങളോടൊപ്പം വയനാട് സി.പി.എമ്മിലെ പ്രശ്നങ്ങളും നേതാക്കൾ പരിഗണിക്കും.
വയനാട്ടിലെ മുതിർന്ന നേതാവ് എവി ജയനെ തരംതാഴ്ത്തിയ നടപടിക്ക് പിന്നാലെയാണ് സി.പി.എമ്മിൽ അപ്രതീക്ഷിത പൊട്ടിത്തെറിയുണ്ടായത്. കർഷക സംഘം ജില്ലാ പ്രസിഡന്റും പുൽപ്പള്ളി സി.പി.എം. ഏരിയ കമ്മിറ്റി അംഗവുമായ എ.വി. ജയനെ പാലിയേറ്റീവ് കെയർ നടത്തിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപിച്ചാണ് തരംതാഴ്ത്തിയത്. വിഷയത്തിൽ അന്വേഷണ കമ്മീഷനെ വെച്ച സിപിഎം, റിപ്പോർട്ടിന് പിന്നാലെ നടപടിയെടുക്കുകയായിരുന്നു. പുൽപ്പള്ളി ഏരിയ കമ്മിറ്റിയിൽ നിന്ന് ഇരുളം ലോക്കൽ കമ്മിറ്റിയിലേക്കാണ് ജയനെ തരംതാഴ്ത്തിയത്.
ജില്ലയിലെ ഒരു വിഭാഗം നേതാക്കളും അണികളും പാർട്ടി നേതൃത്വത്തിന്റെ നടപടിയിൽ കടുത്ത അതൃപ്തിയിലാണ്. ഇതോടെ സി.പി.എം. ജില്ലാ നേതൃത്വം കടുത്ത പ്രതിരോധത്തിലായി. എ.വി. ജയന് എതിരായ നടപടി കടുത്ത വിഭാഗീയ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്ന ആശങ്കയിലാണ് പാർട്ടി.