വീണ്ടും ട്രോളി മന്ത്രി

സെൻസർ ബോർഡിന്റെ ആവശ്യപ്രകാരം ‘ജെഎസ്‌കെ– ജാനകി vs സ്‌റ്റേറ്റ് ഓഫ് കേരള’ സിനിമയുടെ പേര് മാറ്റാൻ തീരുമാനമായതിന് പിന്നാലെ വീണ്ടും ട്രോളുമായി മന്ത്രി വി ശിവൻകുട്ടി. സിനിമയിലെ നായികാ കഥാപാത്രത്തിന്റെ പേര് ജാനകി എന്നതിനു പകരം ‘ജാനകി. വി’ എന്ന് മാറ്റാമെന്ന് നിർമാതാക്കൾ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു.
ഇതോടെയാണ് മന്ത്രി, വി ശിവൻകുട്ടിയെന്ന് സെൻസർ ബോർഡിനെ പരിഹസിച്ച് ഫെയ്സ്ബുക്കിൽ കുറിച്ചത്. ‘വി പണ്ടേ ഉള്ളത് കൊണ്ട് ഭാഗ്യം, ഇല്ലെങ്കിൽ ഇപ്പൊ ചേർക്കേണ്ടി വന്നേനെ’, ‘ഇങ്ങള് രക്ഷപ്പെട്ടു’, ‘അപ്പോൾ നിങ്ങളുടെ പേരിൽ സിനിമ എടുക്കാം’- തുടങ്ങി നിരവധി രസകരമായ കമന്റുകളും കുറിപ്പിന് ലഭിച്ചു. സിനിമയുടെ പേരുമാറ്റൽ വിവാദമായതിന് പിന്നാലെ ‘എന്റെ പേര് ശിവൻകുട്ടി… സെൻസർ ബോർഡ് എങ്ങാനും ഈ വഴി..!!!’- എന്ന മന്ത്രിയുടെ പരിഹാസ കുറിപ്പും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.