Latest News

നിമിഷപ്രിയ വധശിക്ഷ: ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കണമെന്ന് സുപ്രീംകോടതി

 നിമിഷപ്രിയ വധശിക്ഷ: ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കണമെന്ന് സുപ്രീംകോടതി

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി പ്രതികരിച്ചു. ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കണമെന്നാവശ്യപ്പെട്ട് കോടതി നിര്‍ദേശം നല്‍കി. അറ്റോര്‍ണി ജനറല്‍ മുഖേനയാണ് ഈ വിവരം അറിയിക്കേണ്ടതെന്നും, വിശദമായ വാദം ജൂലൈ 14ന് നടക്കുമെന്നും ജസ്റ്റിസ് സുധാന്‍ഷു ധൂലിയയും ജസ്റ്റിസ് ജോയ്മല്ല്യ ബാഗ്ച്ചിയും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിനായി അടിയന്തരമായി കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ സുപ്രീംകോടതിയെ സമീപിച്ചാണ് നടപടി ആരംഭിച്ചത്. ഇപ്പോഴത്തെ സാഹചര്യങ്ങള്‍ ഗുരുതരമാണെന്നും ദയാധന ചര്‍ച്ചകള്‍ക്കായി നയതന്ത്ര ഇടപെടല്‍ ആവശ്യമാണെന്നും ഹര്‍ജിയില്‍ ആവശ്യമുന്നയിച്ചു. കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് കോടതിയില്‍ ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിമിഷപ്രിയക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. മന്ത്രി കെ. രാധാകൃഷ്ണന്‍, പാര്‍ലമെന്റ് അംഗങ്ങള്‍ ജോണ്‍ ബ്രിട്ടാസ്, കൊടിക്കുന്നില്‍ സുരേഷ്, എംഎല്‍എ ചാണ്ടി ഉമ്മന്‍, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി തുടങ്ങിയവരാണ് വിധിയെതുടര്‍ന്ന് ഇടപെടലിന് ആഹ്വാനം നടത്തിയവര്‍.

അതേസമയം, നിമിഷ പ്രിയയുടെ മോചനത്തിനായി മൂന്ന് ഓഫറുകളാണ് മുന്നോട്ടുവച്ചതെന്ന് യെമനിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജറോം അറിയിച്ചു. ദയാധനമായി ഒരു മില്യണ്‍ ഡോളര്‍, തലാലിന്‍റെ കുടുംബം നിര്‍ദേശിക്കുന്ന അഞ്ചുപേര്‍ക്ക് സൗജന്യ സെറിബ്രല്‍സ്പൈനല്‍ സര്‍ജറി, തലാലിന്റെ സഹോദരന് സൗദിയിലോ യുഎഇയിലോ ജോലിചെയ്ത് താമസിക്കുന്നതിന് സൗകര്യം എന്നിവയാണ് ഓഫറുകളെന്ന് സാമുവല്‍ യെമനില്‍ നിന്ന് വ്യക്തമാക്കുന്നു. എന്നാല്‍ ഈ ഓഫറുകളോട് കൊല്ലപ്പെട്ട തലാലിന്റെ കുടുംബം പ്രതികരിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിമിഷപ്രിയയെ വധശിക്ഷയില്‍ നിന്ന് മോചിപ്പിക്കാന്‍ യെമനിലെ ഹൂതി വിമതരുമായി കേന്ദ്രം നേരിട്ട് ഇടപെടണമെന്ന് യെമനിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജറോം. പതിനാറാം തീയതി വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചതിനാല്‍ അതാണ് അവസാനപോംവഴികളിലൊന്ന്. തലാലിന്റെ കുടുംബം ക്ഷമിക്കുക എന്നതാണ് മറ്റൊരു പോംവഴിയെന്നും അതിനായി കുടുംബത്തെ സ്വാധീനിക്കാനാകുന്നവരെക്കൊണ്ട് ഇടപെടല്‍ നടത്തുമെന്നും സാമുവല്‍ അറിയിച്ചു.

Tag: Nimishapriya death penalty: Supreme Court asks central government to explain steps taken so far on the issue

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes