സെന്‍സസ് വൈകുന്നത് ചോദ്യം ചെയ്തു; സ്റ്റാറ്റിസ്റ്റിക്സ് സമിതിയെ പിരിച്ചുവിട്ടു
സെന്‍സസ് വൈകുന്നത് ചോദ്യം ചെയ്തു സ്റ്റാറ്റിസ്റ്റിക്സ് സമിതിയെ കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിട്ടു. 150 വര്‍ഷത്തിനിടയില്‍ ആദ്യമായി ഇന്ത്യയുടെ കാനേഷുമാരി മുടങ്ങിയതിനെ തുടര്‍ന്നുള്ള ആശങ്കകള്‍ നിലനില്‍ക്കെ, പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ പ്രണബ് സെന്നിന്റെ നേതൃത്വത്തിലുള്ള 14 അംഗ സ്റ്റാറ്റിസ്റ്റിക്സ് സ്റ്റാന്‍ഡിംഗ് സമിതി കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പിരിച്ചുവിട്ടു.എന്നാല്‍, സമിതി പിരിച്ചുവിടാനുള്ള കാരണങ്ങളൊന്നും അംഗങ്ങളെ അറിയിച്ചിട്ടില്ല എന്ന് ഇന്ത്യയുടെ മുന്‍ ചീഫ് സ്റ്റാറ്റിസ്റ്റിഷ്യനുമായ പ്രണബ് സെന്‍ പറഞ്ഞു. സെന്‍സസ് എന്തുകൊണ്ട് ഇതുവരെ നടത്തുന്നില്ല എന്ന് സമിതിയുടെ യോഗങ്ങളില്‍ തങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമിതിയുടെ പ്രവര്‍ത്തനം അടുത്തിടെ രൂപീകരിച്ച സ്റ്റിയറിംഗ് കമ്മിറ്റിയുടെ പ്രവര്‍ത്തനവുമായി സമാനമായതാണ് പിരിച്ചുവിടലിന് കാരണമെന്ന് നാഷണല്‍ സാമ്പിള്‍ സര്‍വേ ഓഫീസ് ഡയറക്ടര്‍ ജനറല്‍ ഗീത സിംഗ് റാത്തോഡ് അയച്ച ഇ-മെയിലില്‍ പറഞ്ഞതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.