ആക്സിയം ഫോർ ദൗത്യം; ശുഭാംശു ശുക്ലയുടെയും സംഘത്തിന്റേയും മടക്കയാത്ര ജൂലൈ 14ന് ശേഷം

ആക്സിയം ഫോർ ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന ശുഭാംശു ശുക്ലയുടെയും സംഘത്തിന്റേയും മടക്കയാത്ര മാറ്റി. ദൗത്യത്തിലുൾപ്പെട്ട നാലംഗ സംഘം ഭൂമിയിലേക്ക് മടങ്ങുക ജൂലൈ 14ന് ശേഷമായിരിക്കും. ദൗത്യസംഘം മടങ്ങാനിരുന്നത് ഇന്ത്യൻ സമയം ഇന്ന് വൈകിട്ട് അഞ്ചരയ്ക്ക് ആയിരുന്നു. യൂറോപ്യൻ സ്പേസ് ഏജൻസിയാണ് മടക്കയാത്ര മാറ്റിയ വിവരം അറിയിച്ചത്.
എന്നാൽ മടക്കയാത്രയുടെ യഥാർത്ഥ തീയതി പ്രഖ്യാപിച്ചിട്ടില്ല. ഇതോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ശുഭാംശുവിനും സംഘത്തിനും മൂന്നാഴ്ച ചെലവിടാനായേക്കും. ഐഎസ്ആര്‍ഒയുടെ പിന്തുണയോടെയാണ് ആക്സിയം സ്പേസിന്റെ നാലാം ദൗത്യ വിക്ഷേപണത്തില്‍ ശുഭാംശു ശുക്ലയ്ക്ക് അവസരം ലഭിച്ചത്. പതിനാലു ദിവസത്തേക്കാണ് ദൗത്യത്തിന്റെ കാലാവധി നിശ്ചയിച്ചിരുന്നത്.
നാസ, സ്പേസ് എക്സ്, ആക്സിയം സ്പേസ്, ഐഎസ്ആർഒ എന്നിവയുടെ സംയുക്ത പദ്ധതിയാണ് ആക്സിയം 4. ബഹിരാകാശ നിലയത്തിലേക്ക് വാണിജ്യാടിസ്ഥാനത്തില്‍ സന്ദര്‍ശകരെ എത്തിക്കുന്ന സ്വകാര്യ കമ്പനിയാണ് ആക്സിയം സ്പേസ്. 2022 ലാണ് ആക്സിയം സ്പേസ് ബഹിരാകാശ നിലയത്തിലേക്ക് ആദ്യമായി വാണിജ്യാടിസ്ഥാനത്തിൽ സ്വകാര്യ വ്യക്തികളെ എത്തിച്ചു തുടങ്ങിയത്.
Tag: Axiom Four mission; return journey of Shubhamshu Shukla and team after July 14