‘സെൻസർ ബോർഡിനോട് വലിയ പ്രതിഷേധം; ജെഎസ്കെ വിവാദം വിചിത്രം’; ആഷിക് അബു

ജെഎസ്കെ വിവാദം വിചിത്രമെന്ന് സംവിധായകൻ ആഷിക് അബു. സെൻസർ ബോർഡിനോട് വലിയ പ്രതിഷേധം മാത്രം. യാതൊരു ലോജിക്കുമില്ലാത്തതാണ് പേരിനോടുള്ള സെൻസർ ബോർഡിന്റെ സമീപനം. സിനിമയിൽ ഇത്തരം വിചിത്രമായ കാര്യങ്ങൾ സംഭവിക്കുന്നത് ചരിത്രത്തിലാദ്യമെന്നും ആഷിക് അബു. സിനിമയെ ചുറ്റിപ്പറ്റി ഉണ്ടായിട്ടുള്ളത് അനാവശ്യ വിവാദമാണ്. ഇത്തരം വിവാദങ്ങൾ ഭാവിയിൽ എന്താകുമെന്ന് കണ്ടറിയണമെന്ന് ആഷിക് അബു പറഞ്ഞു.
അതേസമയം ജെഎസ്കെ സിനിമയുടെ പുതുക്കിയ പതിപ്പിൽ തിരുവനന്തപുരം റീജിയണൽ സെൻസർ ബോർഡിന്റെ വെരിഫിക്കേഷൻ പൂർത്തിയായി. അന്തിമ അനുമതിയ്ക്കായി ചിത്രം മുംബൈ സിബിഎഫ്സി ഓഫിസിലേക്ക് അയച്ചു. തിരുവനന്തപുരം റീജിയണൽ സെൻസർബോർഡ് പൂർണമായും ചിത്രം വെരിഫൈ ചെയ്തു. സെൻസർ സർട്ടിഫിക്കറ്റ് നൽകേണ്ടത് സിബിഎഫ്സി ചെയർമാൻ.
ജാനകി എന്നത് ജാനകി വി എന്ന് ടൈറ്റിൽ മാറ്റുന്നതായുള്ള രേഖകളും അണിയറ പ്രവർത്തകർ നൽകി. സെൻസർ ബോർഡ് പ്രദർശനാനുമതി നൽകിയാൽ ഉടൻ തിയറ്ററിലെത്തിക്കാമെന്ന നിലപാടിലാണ് അണിയറ പ്രവർത്തകർ. 7 ഭാഗങ്ങളിൽ മ്യൂട്ട് ഏർപ്പെടുത്തിയും ടൈറ്റിലിൽ ജാനകി.വി എന്നാക്കിയതുമായ പതിപ്പാണ് സെൻസർ ബോർഡിൽ നൽകിയത്.