ടെസ്‌ലയുടെ ഇന്ത്യയിലെ ആദ്യത്തെ കാർ ഷോറൂം ജൂലൈ 15-ന് മുബെെയിൽ തുറക്കും

ടെസ്‌ലയുടെ ഇന്ത്യയിലെ ആദ്യത്തെ കാർ ഷോറൂം ജൂലൈ 15-ന് മുബെെയിൽ തുറക്കും. കാറുകളുടെ ഡെലിവറി ഓഗസ്റ്റ് ആദ്യവാരം മുതൽ തുടങ്ങും. ടെസ്‌ലയുടെ ചൈനീസ് ഫാക്ടറിയിൽ നിന്നുള്ള മോഡൽ വൈ കാറുകൾ ഇതിനോടകം മുംബൈയിലെത്തി. രാജ്യത്തെ രണ്ടാമത്തെ ഷോറൂം ജൂലൈ അവസാനത്തോടെ ഡൽഹിയിലെത്തും. ആഗോള വിപണിയിൽ ടെസ്‌ലയുടെ വിൽപന ഇടിഞ്ഞിരിക്കുന്ന സമയത്താണ് ഇന്ത്യയിലേക്കുള്ള ടെസ്‌ലയുടെ കടന്നു വരവ്.
ബ്ലൂംബെർഗിന്റെ റിപ്പോർട്ട് പ്രകാരം, ടെസ്‌ല ഇതിനകം തന്നെ ഷാങ്ഹായ് ഫാക്ടറിയിൽ നിന്ന് അഞ്ച് മോഡൽ വൈ യൂണിറ്റുകൾ മുംബൈയിലേക്ക് കയറ്റി അയച്ചിട്ടുണ്ട്. പൂർണ്ണമായും നിർമ്മിച്ച ഇറക്കുമതി ചെയ്ത കാറുകൾക്ക് ഇന്ത്യ 70% താരിഫ് ഏർപ്പെടുത്തിയതിനാൽ, വാഹനങ്ങൾക്ക് ഓരോന്നിനും വിപണിവില ഏകദേശം 2.1 മില്യൺ രൂപ വരെയാകും.
ഇറക്കുമതി തീരുവ കുറയ്ക്കുന്നതിനായി കമ്പനി നടത്തിയ ദീർഘമായ ചർച്ചകൾക്ക് ശേഷമാണ് ടെസ്‌ലയുടെ കാറുകൾ ഇന്ത്യയിലെത്തിയത്. ഏറെ വൈകാതെ തന്നെ രണ്ടാമത്തെ എക്‌സ്പീരിയൻസ് സെന്റർ ഡൽഹിയിൽ ആരംഭിക്കുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മോഡൽ വൈ, മോഡൽ 3 വാഹനങ്ങൾ ഇന്ത്യൻ നിരത്തുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.
മോഡൽ വൈ റിയർ വീൽ ഡ്രൈവ് വേരിയന്റിന്റെ റേഞ്ച് ഏകദേശം 593 കിലോമീറ്ററാണെന്നാണ് റിപ്പോർട്ടുകൾ.
വേഗതയെക്കുറിച്ച് പറയുകയാണെങ്കിൽ റിയർ വീൽ ഡ്രൈവ് വേരിയന്റിന് 5.9 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും.
അതേസമയം, ഓൾവീൽ ഡ്രൈവ് വേരിയന്റ് വെറും 4.3 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കുന്നു, ഇത് ഒരു പെർഫോമൻസ് കാറിന്റെ വിഭാഗത്തിലേക്ക് കൊണ്ടുവരുന്നു. ടെസ്‌ല മോഡൽ വൈക്ക് 4,797 എംഎം നീളവും, 1,982 എംഎം വീതിയും 1,624 എംഎം ഉയരവുമുണ്ട്. ഇതിന് 167 എംഎം ഗ്രൗണ്ട് ക്ലിയറൻസുണ്ട്. 19 ഇഞ്ച്, 20 ഇഞ്ച് അലോയ് വീലുകളോടെയാണ് കാർ വരുന്നത്. എന്നാൽ ഇന്ത്യൻ യൂണിറ്റുകൾക്ക് 19 ഇഞ്ച് വീലുകൾ ലഭിക്കും എന്നാണ് റിപ്പോർട്ടുകൾ.
Tag: Tesla’s first car showroom in India to open in Mumbai on July 15