‘യൂത്ത് കോൺഗ്രസ് നന്നായി അധ്വാനിക്കുന്ന നല്ല കുട്ടികളുടെ സംഘടന, ആർഷോ പി.കെ.ശശിയുടെ കാൽ വെട്ടുമെന്നാണ് പറഞ്ഞത്’: വി ഡി സതീശൻ

കേരളത്തിൽ സി.പി.ഐ.എം ക്രിമിനൽ ഭീഷണി ഉയർത്തുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നാല് സ്ഥലങ്ങളിൽ നിന്നാണ് ഭീഷണി മുദ്രവാക്യം ഉയർന്നത്. മാധ്യമ പ്രവർത്തകൻ ദാവൂദിനെതിരെ, പൊലീസിനെതിരെ, പൊതു സമൂഹത്തിനെതിരെ, കൂടെ നിൽക്കുന്നവർക്കെതിരെ വരെ മുദ്രാവാക്യം വിളിക്കുന്നുവെന്ന് വി ഡി സതീശൻ പറഞ്ഞു.
പി.എം.ആർഷോ പി.കെ.ശശിയുടെ കാൽ വെട്ടുമെന്നാണ് പറഞ്ഞത്. നേരത്തെ AISF കാരിയായ ദളിത് യുവതിയോട് മോശമായി പെരുമാറിയ ആളാണ് ആർഷോ. SFI, DYFI ക്രിമിനലുകളെ നിയന്ത്രിക്കാൻ CPIM തയ്യാറാകണം. കേരള സർവ്വകലാശാല അടക്കമുള്ള പ്രതിസന്ധികൾ ചർച്ച ചെയ്യാതെ വഴി തിരിച്ച് വിടാനുള്ള ഗൂഢ ശ്രമം നടക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ബംഗാളിൽ സിപിഐഎമ്മിന് സംഭവിച്ചതിന്റെ ആരംഭമാണ് കേരളത്തിൽ.
പി.ജെ. കൂര്യന്റെ യൂത്ത് കോൺഗ്രസിനെതിരായ പരാമർശത്തിൽ വി ഡി സതീശൻ പ്രതികരിച്ചു. അദ്ദേഹം പാർട്ടി യോഗത്തിൽ പറഞ്ഞത് അഭിപ്രായം മാത്രം. യൂത്ത് കോൺഗ്രസ് നന്നായി അധ്വാനിക്കുന്ന നല്ല കുട്ടികളുടെ സംഘടനയാണ്. മാധ്യമങ്ങൾ ആവശ്യമില്ലാത്ത ചർച്ച നടത്തുന്നു. സംഘടനാ സംവിധാനം മെച്ചപ്പെടുത്തണമെന്ന മുതിർന്ന നേതാവിന്റെ അഭിപ്രായം മാത്രമാണ് പറഞ്ഞത്. വേറെ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കൂ. ഇതൊക്കെ ഒരു വാർത്തയാണോയെന്ന് വി.ഡി.സതീശൻ ചോദിച്ചു.
സദാനന്ദൻ മാസ്റ്ററെ രാജ്യസഭയിലേക്ക് നിർദ്ദേശിച്ചത് അധികാര ദുർവിനിയോഗമെന്ന് വി.ഡി.സതീശൻ പറഞ്ഞു. നോമിനേറ്റ് ചെയ്യേണ്ടത് കലാ-രാഷ്ട്രീയ-കായിക രംഗത്ത് നിന്നുള്ളവരെയാണ്. പി.ടി.ഉഷയെ നോമിനേറ്റ് ചെയ്തപ്പോൾ ഞങ്ങൾ എതിർത്തില്ലല്ലോ എന്നും സതീശൻ ചോദിച്ചു.