ഇന്ത്യൻ വരിക്കാർക്ക് പ്ലാൻ നിരക്കുകൾ വെട്ടിക്കുറച്ച് ഇലോൺ മസ്‌കിന്‍റെ എക്‌സ്

ഇലോൺ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് (പഴയ ട്വിറ്റർ) ഇന്ത്യയിലെ ഉപയോക്താക്കൾക്കുള്ള സബ്‌സ്‌ക്രിപ്‌ഷൻ നിരക്കുകൾ വെട്ടിക്കുറച്ചു. എല്ലാ അക്കൗണ്ട് തലങ്ങളിലുമുള്ള പ്രതിമാസ, വാർഷിക ഫീസുകൾ 48 ശതമാനം വരെ കുറച്ചതായി കമ്പനി വ്യക്തമാക്കി. മൊബൈൽ ഉപയോക്താക്കൾക്കുള്ള പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനുകളുടെ നിരക്കിലാണ് ഏറ്റവും വലിയ കുറവ്. ഇപ്പോൾ പ്രതിമാസം 470 രൂപയാണ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനുകളുടെ വില. മുമ്പ് ഇത് 900 രൂപ ആയിരുന്നു. വെബ് ഉപയോക്താക്കൾക്ക് പ്രതിമാസ പ്രീമിയം ഫീസ് ഇപ്പോൾ 427 രൂപയാണ്. നേരത്തെ ഉണ്ടായിരുന്ന 650 രൂപയിൽ നിന്നും 34 ശതമാനത്തോളം കുറവ് വരുത്തി.
എക്‌സിന്‍റെ സബ്‌സ്‌ക്രിപ്‌ഷനുകളുടെ വിലയിലെ ക്രമീകരണം ശ്രദ്ധേയമാണ്. പ്രത്യേകിച്ച് മൊബൈൽ, വെബ് പ്ലാറ്റ്‌ഫോമുകൾ തമ്മിലുള്ള കമ്മീഷൻ വ്യത്യാസങ്ങൾ കണക്കിലെടുക്കുമ്പോൾ, മൊബൈൽ ഉപയോക്താക്കൾക്ക് അൽപ്പം ഉയർന്ന നിരക്കുകളാണുള്ളത്. ബേസിക് സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനിലും വിലക്കുറവ് വരുത്തി. ഈ വിഭാഗത്തിലെ പ്രതിമാസ ചാർജുകൾ ഇപ്പോൾ 243.75 രൂപയിൽ നിന്ന് 170 രൂപയായി കുറഞ്ഞു. ബേസിക് ഉപയോക്താക്കൾക്കുള്ള വാർഷിക ബില്ലിംഗും കുറഞ്ഞു. മുമ്പ് 2,590 രൂപ ആയിരുന്നത് ഇപ്പോൾ 1,700 രൂപ ആയി.
ബേസിക് അക്കൗണ്ട് ഉടമകൾക്ക് പോസ്റ്റുകൾ എഡിറ്റ് ചെയ്യാനുള്ള ഓപ്ഷന്‍, ദൈർഘ്യമേറിയ കണ്ടന്‍റുകൾ ചേര്‍ക്കാനുള്ള അവസരം, ബാക്ക്‌ഗ്രൗണ്ട് വീഡിയോകൾ പ്ലേ ചെയ്യൽ, മീഡിയ ഫയലുകള്‍ ഡൗൺലോഡ് ചെയ്യൽ തുടങ്ങിയ സവിശേഷതകള്‍ ലഭിക്കുന്നു. എങ്കിലും ഈ അക്കൗണ്ടുകളിൽ പ്രീമിയം വെരിഫിക്കേഷൻ ചെക്ക്‌മാര്‍ക്ക് ഇല്ല. അതേസമയം പ്രീമിയം ടയർ മറ്റ് എക്സ്ക്ലൂസീവ് ഫീച്ചറുകൾക്കൊപ്പം ഈ വെരിഫിക്കേഷൻ പോലുള്ള അധിക ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.
കൂടാതെ, എക്‌സിലെ പ്രീമിയം പ്ലസ് സബ്‌സ്‌ക്രിപ്‌ഷനിലും വില കുറച്ചിട്ടുണ്ട്. വെബിലെ പ്രതിമാസ ഫീസ് 3,470 രൂപയിൽ നിന്നും 26 ശതമാനം കുറഞ്ഞ് 2,570 രൂപയായി. മൊബൈൽ ഉപയോക്താക്കൾക്കും വലിയ ഇളവിന്‍റെ പ്രയോജനം ലഭിക്കും. മുമ്പത്തെ 5,100 രൂപയ്ക്ക് പകരം ഇനി പ്രതിമാസം 3,000 രൂപ നൽകിയാൽ മതി. ഈ മാറ്റങ്ങൾ പ്രീമിയം പ്ലസ് ടയറിനെ കൂടുതൽ വിശാലമായ പ്രേക്ഷകർക്ക് ആക്‌സസ് ചെയ്യാൻ സഹായിക്കുന്നു.
ബേസിക്, റെഗുലർ പ്രീമിയം ഉപയോക്താക്കൾക്ക് ലഭ്യമല്ലാത്ത നിരവധി പ്രത്യേക ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നതിനാണ് പ്രീമിയം പ്ലസ് അക്കൗണ്ടുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പരസ്യരഹിത അനുഭവം, മുഴുനീള ലേഖനങ്ങൾ പ്രസിദ്ധീകരിക്കാനുള്ള കഴിവ്, എക്‌സിന്‍റെ നൂതന എഐ ടൂളായ ഗ്രോക്ക് 4 നൽകുന്ന സൂപ്പർഗ്രോക്കിലേക്കുള്ള ആക്‌സസ് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. പ്ലാറ്റ്‌ഫോമിൽ മികച്ച അനുഭവം തേടുന്ന ഉപയോക്താക്കൾക്ക് പ്രീമിയം പ്ലസിനെ ആകർഷകമായ ഓപ്ഷനാക്കി മാറ്റുന്നതാണ് ഈ മെച്ചപ്പെടുത്തലുകൾ.
ഉയർന്ന മത്സരാധിഷ്ഠിത വിപണിയിൽ എക്സ് പ്ലാറ്റ്‌ഫോമിന്‍റെ ആക്‌സസബിലിറ്റിയും ഉപയോക്തൃ ഇടപെടലും വർധിപ്പിക്കുന്നതിനുള്ള ഇലോൺ മസ്‌കിന്‍റെ തന്ത്രത്തിന്‍റെ ഭാഗമായാണ് ഇന്ത്യയിലെ സബ്‌സ്‌ക്രിപ്‌ഷൻ ചെലവ് കുറയ്ക്കാനുള്ള തീരുമാനം. കൂടുതൽ താങ്ങാനാവുന്ന ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നതിലൂടെ, എക്‌സിന് അതിന്‍റെ ഉപയോക്തൃ അടിത്തറ വികസിപ്പിക്കാനും സോഷ്യൽ മീഡിയ രംഗത്ത് മത്സരശേഷി നിലനിർത്താനും കഴിയും.
വളർന്നുവരുന്ന വിപണികളിൽ തങ്ങളുടെ വിലനിർണ്ണയ തന്ത്രങ്ങൾ പ്രാദേശികവൽക്കരിക്കുന്നതിനുള്ള ടെക് കമ്പനികളുടെ വർധിച്ചുവരുന്ന പ്രവണതയ്ക്ക് അടിവരയിടുന്നത് കൂടിയാണ് ഈ പുതിയ വിലനിർണ്ണയ നീക്കം. ഇന്ത്യയിൽ മൊബൈൽ, ഇന്‍റർനെറ്റ് വ്യാപനം വർധിച്ചുവരുന്നതിനാൽ, ഉപയോക്തൃ സ്വീകാര്യത വർധിപ്പിക്കുന്നതിലും ദീർഘകാല ബ്രാൻഡ് വിശ്വസ്‍തത വളർത്തുന്നതിലും നിരക്ക് കുറയ്ക്കൽ ഉൾപ്പെടെയുള്ള ഇത്തരം നീക്കങ്ങൾക്ക് നിർണായക പങ്ക് വഹിക്കാൻ കഴിയും.