Latest News

രാജ്യത്ത് വിലക്കയറ്റം 6 വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

 രാജ്യത്ത് വിലക്കയറ്റം 6 വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

ജൂണിൽ ചില്ലറ വിൽപ്പന വില അടിസ്ഥാനമാക്കിയ പണപ്പെരുപ്പം 77 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക്. വിലക്കയറ്റം താഴ്ന്നത് ഭക്ഷ്യ വിലക്കയറ്റം കുത്തനെ കുറഞ്ഞത് മൂലമാണ്. ചില്ലറ വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ജൂണിൽ 2.1 ശതമാനമായാണ് കുറഞ്ഞതെന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (NSO) പുറത്തുവിട്ട ഡാറ്റ കാണിക്കുന്നു. മേയിൽ ഇത് 2.8 ശതമാനമായിരുന്നു. മേയ് മാസത്തെ അപേക്ഷിച്ച് പണപ്പെരുപ്പത്തിൽ 72 അടിസ്ഥാന പോയിന്റുകളുടെ കുറവാണുണ്ടായിരിക്കുന്നത്. ഇത് 2019 ജനുവരിക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വാർഷിക പണപ്പെരുപ്പമാണ്.

ഉപഭോക്തൃ ഭക്ഷ്യവില സൂചിക കാണിക്കുന്ന ഭക്ഷ്യവിലക്കയറ്റം 1.1 ശതമാനം കുറഞ്ഞു. 2025 മേയ് മാസവുമായി താരതമ്യപ്പെടുത്തുമ്പോൾ ജൂണിൽ ഭക്ഷ്യവിലക്കയറ്റത്തിൽ 205 ബേസിസ് പോയിന്റുകൾ കുത്തനെ ഇടിഞ്ഞു. ജൂണിലെ ഭക്ഷ്യവിലക്കയറ്റം 2019 ജനുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കിലാണ്. ജൂണിൽ നഗരങ്ങളിലെ പണപ്പെരുപ്പം 2.6 ശതമാനമായപ്പോൾ, ഗ്രാമീണ പണപ്പെരുപ്പം 1.7 ശതമാനമായി കുറഞ്ഞു. പച്ചക്കറി വിലക്കയറ്റം -19 ശതമാനവും പയർവർഗ്ഗങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും വില 11.8 ശതമാനവും ആണ്.

വാണിജ്യ-വ്യവസായ മന്ത്രാലയം പുറത്തുവിട്ട പ്രത്യേക ഡാറ്റയിൽ, ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും പണപ്പെരുപ്പം ജൂണിൽ -0.1 ശതമാനമായതായി കാണിക്കുന്നു. ഭക്ഷ്യവസ്തുക്കൾ, മിനറൽ ഓയിലുകൾ, അടിസ്ഥാന ലോഹങ്ങളുടെ നിർമ്മാണം, അസംസ്കൃത പെട്രോളിയം, പ്രകൃതിവാതകം എന്നിവയുടെ വിലയിലുണ്ടായ കുറവാണ് ജൂണിലെ നെഗറ്റീവ് പണപ്പെരുപ്പ നിരക്കിന് കാരണമെന്ന് മന്ത്രാലയം അറിയിച്ചു.

2025 ആഗസ്റ്റ് യോഗത്തിൽ 25 ബേസിസ് പോയിന്റിന്റെ നിരക്ക് കുറയ്ക്കലിന് കൂടിയുള്ള സാധ്യതയാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പണപ്പെരുപ്പം റിസർവ് ബാങ്ക് ലക്ഷ്യമായ 4 ശതമാനത്തിന് താഴെ തന്നെ തുടരുന്നത് വളർച്ച കൂട്ടുന്നതിന് അനുകൂലമായ നയങ്ങൾക്ക് സഹായകമാണെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes