ഭാസ്കര കാരണവര്‍ വധക്കേസ് പ്രതി ഷെറിൻ പുറത്തേക്ക്; ജയിൽ മോചന ഉത്തരവ് പുറത്തിറങ്ങി

ചെങ്ങന്നൂര്‍ ഭാസ്കര കാരണവര്‍ വധക്കേസ് പ്രതി ഷെറിനെ ജയില്‍ മോചിതയാക്കിക്കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. ഷെറിന് അടക്കം 11 പേര്‍ക്ക് ശിക്ഷായിളവ് നല്കി ജയിലില്‍നിന്ന് വിട്ടയക്കണമെന്ന മന്ത്രിസഭാ യോഗത്തിന്റെ ശുപാര്‍ശ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ അംഗീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജയിലില്‍നിന്ന് മോചിപ്പിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്.
ഷെറിന് ശിക്ഷായിളവ് നല്കി വിട്ടയക്കണമെന്ന് സര്‍ക്കാര്‍ ശുപാര്‍ശ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഇവര്‍ക്ക് അടിക്കടി പരോള്‍ കിട്ടിയതും ജയിലില്‍ സഹതടവുകാരുമായി ഏറ്റുമുട്ടലുണ്ടായ സംഭവം പുറത്തുവന്നതും സര്‍ക്കാര്‍ ശുപാര്‍ശയ്ക്കുശേഷവും ജയിലില്‍ പ്രശ്നം സൃഷ്ടിച്ചതും അടക്കമുള്ള കാര്യങ്ങളിൽ രാജ്ഭവന് കൂടുതല്‍ വ്യക്തത തേടിയിരുന്നു.
ഓരോ തടവുകാരുടെയും കുറ്റകൃത്യം, ശിക്ഷ, പരോള്‍ ലഭ്യമായത്, ജയിലിലെ പെരുമാറ്റം തുടങ്ങിയ വിശദാംശങ്ങള്‍ പ്രതിപാദിക്കുന്ന ഫോറം രാജ്ഭവന് ഏര്‍പ്പെടുത്തി. ശുപാര്‍ശയോടൊപ്പം ഈ ഫോറം പൂരിപ്പിച്ച് സര്‍ക്കാര്‍ വീണ്ടും ഫയല്‍ സമര്‍പ്പിച്ചതോടെയാണ് ഗവര്‍ണര്‍ അംഗീകാരം നല്‍കിയത്. ജീവപര്യന്തം തടവിന് ശിക്ഷിച്ച് 14 വര്‍ഷം തടവ് പൂര്‍ത്തിയാക്കിയവരെയാണ് മോചിപ്പിക്കുന്നത്. ഷെറിന് ഇപ്പോള്‍ കണ്ണൂര്‍ ജയിലിലാണ്. 2009-ലാണ് ഭര്‍ത്തൃപിതാവായ ഭാസ്കരകാരണവരെ ഷെറിനും മറ്റു മൂന്നുപ്രതികളും ചേര്‍ന്ന് വീടിനുള്ളില്‍വെച്ച് കൊലപ്പെടുത്തിയത്.
ശിക്ഷയിളവുചെയ്ത് വിട്ടയക്കാനുള്ള ശ്രമം നീണ്ടതോടെ ഷെറിന് സര്‍ക്കാര്‍ പരോളനുവദിച്ചിരുന്നു. ശിക്ഷയിളവിന് പിന്നിലെ ഉന്നതസ്വാധീനം പോലെതന്നെ, സര്‍ക്കാരിലെ ഉത്തതതല ഇടപെടലിലൂടെയാണ് പരോളും ലഭിച്ചതെന്ന് ആക്ഷേപം ഉയരുകയുണ്ടായി. 14 വര്‍ഷത്തെ ശിക്ഷാകാലയളവിനുള്ളില്‍ 500 ദിവസം ഇവര്‍ക്ക് പരോള്‍ ലഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നകാലത്ത് പരോള്‍ അനുവദിക്കാന്‍ നിയമതടസ്സമുണ്ടെങ്കിലും ഷെറിന് ആദ്യം മുപ്പതുദിവസവും പിന്നീട് ദീര്‍ഘിപ്പിച്ച് 30 ദിവസവും പരോള്‍ ലഭിച്ചിരുന്നു.
ജയിലിലെ നല്ലനടപ്പ് പരിഗണിച്ചാണ് ശിക്ഷയിളവ് ശുപാര്‍ശ എന്നായിരുന്നു ജയില്‍ ഉപദേശകസമിതിയുടെ ശുപാര്‍ശ. എന്നാല്‍, ശിക്ഷ ഇളവുചെയ്യാനുള്ള മന്ത്രിസഭാതീരുമാനം വന്നതിനു പിന്നാലെ കണ്ണൂര്‍ ജയിലിലെ സഹതടവുകാരിയെ കൈയേറ്റം ചെയ്തതിന് പോലീസ് കേസെടുത്തിരുന്നു.
2009 നവംബര്‍ എട്ടിനാണ് ചെറിയനാട് കാരണവേഴ്സ് വില്ലയിലെ ഭാസ്കര കാരണവരെ(66) കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ഭാസ്കര കാരണവരുടെ മകന്റെ ഭാര്യയായ ഷെറിനായിരുന്നു കേസിലെ ഒന്നാംപ്രതി. ഷെറിന്റെ ആണ്‍സുഹൃത്ത് കുറിച്ചി സ്വദേശി ബാസിത് അലി, ഇയാളുടെ കൂട്ടാളികളായ കളമശ്ശേരി സ്വദേശി നിഥിന്, ഏലൂര്‍ സ്വദേശി ഷാനു റഷീദ് എന്നിവരായിരുന്നു കേസിലെ മറ്റുപ്രതികള്‍.
ഭാസ്കര കാരണവരുടെ സ്വത്തില്‍ ഷെറിന് കൂടി അവകാശമുണ്ടായിരുന്ന ധനനിശ്ചയാധാരം കാരണവര്‍ റദ്ദുചെയ്തതിലെ പകയും ബാസിത് അലിയുമായി ഒരുമിച്ച് ജീവിക്കുന്നതിനുമാണ് പ്രതികള്‍ കൃത്യം നടത്തിയതെന്നായിരുന്നു പ്രോസിക്യൂഷന് കേസ്. സംഭവം നടന്ന് ഏഴാംമാസം കേസില്‍ കോടതി വിധി പറഞ്ഞു. ഒന്നാംപ്രതി ഷെറിന് വിവിധ വകുപ്പുകളിലായി മൂന്ന് ജീവപര്യന്തവും 85,000 രൂപ പിഴയുമാണ് മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷയായി വിധിച്ചത്. രണ്ടുമുതല്‍ നാലുവരെ പ്രതികളായ കുറിച്ചി ബാസിത് അലി, കളമശേരി നിഥിന്, കൊച്ചി ഏലൂര്‍ ഷാനു റഷീദ് എന്നിവര്‍ക്ക് വിവിധ വകുപ്പുകളിലായി രണ്ട് ജീവപര്യന്തവും 80,000 രൂപ പിഴയും വിധിച്ചു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമല്ല, പ്രതികള്‍ മുന്‍പ് ക്രിമിനല്‍ കൃത്യത്തില്‍ ഏര്‍പ്പെട്ടില്ല, മക്കളുണ്ട്, ചെറുപ്പക്കാരാണ് തുടങ്ങിയ കാരണങ്ങളാലാണ് പ്രതികള്‍ക്ക് വധശിക്ഷ പരിഗണിക്കാതിരുന്നതെന്ന് കോടതി അന്ന് ചൂണ്ടിക്കാണിച്ചിരുന്നു.