Latest News

2023-24 സാമ്പത്തിക വർഷം BCCI വരുമാനം 9,741.7 കോടി രൂപ; IPLൽ മാത്രം നേടിയത് 5,761 കോടി

 2023-24 സാമ്പത്തിക വർഷം BCCI വരുമാനം 9,741.7 കോടി രൂപ; IPLൽ മാത്രം നേടിയത് 5,761 കോടി

ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) ‘പൊൻമുട്ടയിടുന്ന താറാവാണ്’ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) എന്ന് പറയാം. 2023-24 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് നേടിയ ആകെ വരുമാനത്തിനിറെ 59 ശതമാനവും ഐപിഎല്ലിൽ നിന്നായിരുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു. റെഡിഫ്യൂഷനെ ഉദ്ധരിച്ച് ദി ഹിന്ദു ബിസിനസ് ലൈനിലെ ഒരു റിപ്പോർട്ട് പ്രകാരം 2023-24ൽ 9,741.7 കോടി രൂപയായിരുന്നു ബിസിസിഐയുടെ ആകെ വരുമാനം. ഇതിൽ ഐപിഎല്ലിന്റെ സംഭാവന 5,761 കോടി രൂപയായിരുന്നു. നിലവിൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ചതും ജനപ്രീതിയുള്ളതുമായ കുട്ടി ക്രിക്കറ്റ് ടൂർണമെന്റാണ് ഐപിഎൽ.
“2007ലാണ് ബിസിസിഐ ഐപിൽ തുടങ്ങുന്നത്. നൂറ് ശതമാനവും ഐപിഎൽ ഇപ്പോൾ ബിസിസിഐയുടെ ഭാഗമാണ്. ലോകത്തെലെ തന്നെ എറ്റവും മികച്ച ടൂർണമെന്റുകളിലൊന്നാണ് ഐപിഎൽ. രഞ്ജി ട്രോഫി തലത്തിലുള്ള കളിക്കാർക്ക് കളിക്കളത്തിൽ അവസരം ലഭിക്കുന്നുണ്ടെന്ന് ഐപിഎൽ ഉറപ്പാക്കുന്നു. ഐപിഎൽ കൂടുതൽ വളരുന്നതിനനുസരിച്ച് ലാഭം വർദ്ധിപ്പിക്കുന്നത് തുടരുകയാണ്,” ബിസിനസ് തന്ത്രജ്ഞനും സ്വതന്ത്ര ഡയറക്ടറുമായ ലോയ്ഡ് മത്യാസിനെ ഉദ്ധരിച്ച് റിപ്പോർട്ട് പറഞ്ഞു.

ആകെയുള്ള വരുമാനത്തിൽ 361 കോടി രൂപ ലഭിച്ചത് ടൂർണമെന്റുകളുടെ സംപ്രേക്ഷണാവകാശം ഉൾപ്പെടെ ഐപിഎൽ ഇതര മാധ്യമ അവകാശങ്ങൾ വിറ്റതിലൂടെയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച ആഭ്യന്തര റെഡ്-ബോൾ ടൂർണമെന്റായ രഞ്ജി ട്രോഫി ഉൾപ്പെടെയുള്ള ആഭ്യന്തര മത്സരങ്ങൾ വാണിജ്യവൽക്കരിക്കുന്നതിന് വലിയ സാധ്യതകൾ ഉണ്ടെന്നും വരുമാനമുണ്ടാക്കലിന്റെ കാര്യത്തിൽ ബോർഡ് ഇതുവരെ അതിന്റെ പൂർണ്ണ ശേഷി തിരിച്ചറിഞ്ഞിട്ടില്ലെന്നും റീഡിഫ്യൂഷൻ മേധാവി സന്ദീപ് ഗോയൽ പറഞ്ഞു.”ഐ‌പി‌എൽ ഇതര വരുമാനം വർദ്ധിപ്പിക്കുന്നതിനായി രഞ്ജി ട്രോഫി, ദുലീപ് ട്രോഫി, സി‌കെ നായിഡു ട്രോഫി തുടങ്ങിയ പരമ്പരാഗത ഫോർമാറ്റുകൾ വാണിജ്യവൽക്കരിക്കുന്നതിന് ബി‌സി‌സി‌ഐക്ക് വളരെയധികം സാധ്യതയുണ്ട്,” ഗോയൽ പറഞ്ഞു.ബോർഡിന് ഏകദേശം 30,000 കോടി രൂപയുടെ കരുതൽ ധനമുണ്ട്, ഇത് പ്രതിവർഷം ₹1,000 കോടി പലിശ ഇനത്തിൽ മാത്രം നേടുന്നതാണ്. ഈ വരുമാനം സുസ്ഥിരമാണെന്ന് മാത്രമല്ല – സ്പോൺസർഷിപ്പുകൾ, മീഡിയ ഡീലുകൾ, മത്സരദിന വരുമാനം എന്നിവ വർദ്ധിച്ചുവരുന്നതിനാൽ അവ പ്രതിവർഷം 10–12 ശതമാനം വരെ വളരാൻ സാധ്യതയുണ്ടെന്നു ഗോയൽ കൂട്ടിച്ചേർത്തു.

ഇന്ത്യയിലും ലോകമെമ്പാടുമുള്ള മികച്ച ക്രിക്കറ്റ് പ്രതിഭകൾ പങ്കെടുക്കുന്ന വാർഷിക ഫ്രാഞ്ചൈസി അധിഷ്ഠിത ടി20 ടൂർണമെന്റായ ഐപിഎൽ 2007ലാണ് നിലവിൽ വന്നത്. 10 ടീമുകൾ വരെയാണ് ഒരു സീസണിൽ പങ്കെടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes