തേവലക്കര സ്‌കൂൾ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: പ്രധാനാധ്യാപികക്ക് സസ്പെൻഷൻ, പകരം ചുമതല സീനിയർ അധ്യാപികക്ക്

തേവലക്കര ബോയ്സ് സ്കൂളിൽ വിദ്യാർത്ഥിയായ മിഥുന്‍ മനു (13) വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തിൽ പ്രധാനാധ്യാപികയെ സ്‌കൂൾ മാനേജ്മെന്റ് സസ്പെൻഡ് ചെയ്തു. വിദ്യാർത്ഥികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ ഗുരുതര വീഴ്ച ഉണ്ടായെന്നാണ് സസ്പെൻഷൻ ഉത്തരവിൽ മാനേജ്മെന്റ് ചൂണ്ടിക്കാട്ടിയത്.
പ്രധാനാധ്യാപികയുടെ ചുമതല സീനിയർ അധ്യാപികയായ മോളിക്ക് നല്‍കി. സ്‌കൂളിലെ സൈക്കിൾ ഷെഡിന്റെ മുകളിലേക്കു വീണ ചെരുപ്പെടുക്കാൻ കയറിയ സമയത്താണ് എട്ടാം ക്ലാസുകാരനായ മിഥുന്‍ ഷോക്കേറ്റ് മരിച്ചത്. അപകടം നടന്നതിനു പിന്നാലെ വൈദ്യുത വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ സ്‌കൂൾ മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് നിർദേശങ്ങൾ പാലിക്കപ്പെടാൻ കഴിഞ്ഞിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു.
തറയിൽ നിന്ന് ലൈൻ കടന്നുപോകുന്ന ഉയരത്തിലും സൈക്കിൾ ഷെഡിനും ആവശ്യമായ സുരക്ഷാ അകലം പാലിക്കപ്പെട്ടിരുന്നില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
മിഥുന്റെ അമ്മ സുജ വിദേശത്ത് ജോലി ചെയ്യുന്നതിനാല്‍ ശവസംസ്‌കാരം അവരെത്തിയ ശേഷം മാത്രമാവും നടത്തുക. കുവൈത്തിൽ വീട്ടുജോലിക്കായി പോയിരുന്ന സുജ, ജോലിക്കാരുടെ കുടുംബത്തോടൊപ്പം തുര്‍ക്കിയിലെ വിനോദയാത്രയിലായിരുന്നു. അവിടെ നിന്ന് ഇന്ന് കുവൈത്തിലേക്കും. നാളെ രാവിലെ കൊച്ചിയിലെത്തും എന്നാണ് മിഥുനിന്റെ അച്ഛൻ മനു മാധ്യമങ്ങളോട് പ്രതികരിച്ചത്.
Tag: Thevalakkara school student dies of shock: Principal suspended, senior teacher takes charge