ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയുടെ സൈനികശക്തിയുടെ തെളിവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയുടെ സൈനിക ശേഷിയെയും സ്വദേശീയമായി നിർമ്മിച്ച ആയുധങ്ങളുടെ ശക്തിയെയും തെളിയിച്ച ഒന്നാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മുൻപ് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. രാജ്യത്തിനായി സർവ്വകക്ഷികളും ഒന്നിച്ചു നിന്നതിന്റെ ഉദാഹരണമാണ് ഈ ഓപ്പറേഷൻ സിന്ദൂർ. എല്ലാ പ്രതിപക്ഷ കക്ഷികൾക്കും ഈ ഘട്ടത്തിൽ നൽകിയ സഹകരണത്തിന് നന്ദിയും മോദി അറിയിച്ചു.
രാജ്യത്ത് ഇപ്പോൾ മെച്ചപ്പെട്ട കാലാവസ്ഥ നിലനിൽക്കുന്നുവെന്നും അതിന്റെ നേട്ടം കാർഷികമേഖലയ്ക്ക് വലിയൊരു ആശ്വാസമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബഹിരാകാശ യാത്രികനായ ശുഭാംശു ശുക്ലയുടെ നേട്ടത്തെയും പ്രധാനമന്ത്രി പ്രശംസിച്ചു.
രാജ്യം മാവോയിസ്റ്റ് ഭീകരതക്കെതിരായ പോരാട്ടത്തിൽ വലിയ മുന്നേറ്റം കൈവരിച്ചിരിക്കുന്നു. “മാവോയിസ്റ്റ് സാന്നിധ്യം പൂര്‍ണമായി ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. ‘മാവോയിസ്റ്റ് മുക്ത ഭാരത്’ എന്ന ലക്ഷ്യത്തിലേക്ക് രാജ്യം നീങ്ങുകയാണ്,” മോദി പറഞ്ഞു.
രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെയും പ്രധാനമന്ത്രി പ്രശംസിച്ചു. ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുന്നതിനൊപ്പം, “25 കോടി പേരെ ദാരിദ്ര്യരേഖയ്ക്ക് മുകളിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. ഡിജിറ്റല്‍ ഇടപാടുകളില്‍ ഇന്ത്യ ആഗോളതലത്തിൽ മുൻപന്തിയിലാണ്. യുപിഐയാണ് നമ്മുടെ സാമ്പത്തിക വിപ്ലവത്തിന്റെ പ്രധാന ചക്രവാളം,” എന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പഹല്‍ഗാം ഭീകരാക്രമണവും ഓപ്പറേഷൻ സിന്ദൂറും സംബന്ധിച്ച് പാർലമെന്റിൽ വിശദമായ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയി ഇതുമായി ബന്ധപ്പെട്ട് നോട്ടീസ് നൽകി. “പ്രധാന വിഷയങ്ങൾ ചർച്ചചെയ്യാതെ സർക്കാർ മുന്നേറാൻ ശ്രമിക്കുകയാണെങ്കിൽ ശക്തമായ പ്രതിഷേധം ഉണ്ടാകും,” എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. ബിഹാർ വോട്ടർ പട്ടികയിലെ വിവാദവും ഉയർത്തുമെന്നും, “പാർലമെന്റ് സമ്മേളനം ഒരു പ്രഹസനമാക്കുകയാണ് പ്രധാനമന്ത്രിയുടെ സമീപനമെന്ന്” അദ്ദേഹം ആരോപിച്ചു.
Tag: PM Narendra Modi says Operation Sindoor is proof of India’s military might