‘നിയമസഭ തിരഞ്ഞെടുപ്പിലടക്കം കൂടുതല്‍ സീറ്റുകള്‍ വനിതാ ലീഗിന് കിട്ടും’; അഡ്വ. പി കുല്‍സു

ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിലടക്കം കൂടുതല്‍ സീറ്റുകള്‍ വനിതാ ലീഗിന് കിട്ടുമെന്ന് വനിതാ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് പി കുല്‍സു. ഏത് മണ്ഡലത്തില്‍ മത്സരിച്ചാലും വനിതാലീഗ് പ്രവര്‍ത്തകര്‍ക്ക് വിജയസാധ്യതയുണ്ട്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സംഘടന നേരത്തെ ആരംഭിച്ചെന്നും പി കുല്‍സു പറഞ്ഞു.
കേരളത്തിലെ ഏത് ജില്ലയില്‍ മത്സരിച്ചാലും വിജയത്തില്‍ വനിതാ ലീഗ് നിര്‍ണായക ശക്തിയായിരിക്കും. 13 ലക്ഷം മെമ്പര്‍ഷിപ്പുള്ള ഒരു സംഘടനയായി വനിതാ ലീഗ് മാറിക്കഴിഞ്ഞു. തിരഞ്ഞെടുപ്പിന് ഒരുങ്ങാനുള്ള നിര്‍ദേശം നേതൃത്വം നല്‍കിയിട്ടുണ്ട്. അതിനു മുന്‍പ് തന്നെ ഞങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. പാര്‍ട്ടി ഇത്രയും കാലം വേണ്ട രീതിയില്‍ പരിഗണിച്ചിട്ടുണ്ട്. ഇനിയും അതുണ്ടാകും – പി കുല്‍സു പറഞ്ഞു. കോഴിക്കോട് സൗത്തില്‍ പരീക്ഷിച്ച നൂര്‍ബീന റഷീദ് പരാജയപ്പെട്ടെങ്കിലും വനിതാ ലീഗിന് ഇത്തവണ കാര്യമായ പരിഗണന ഉണ്ടായേക്കുമെന്ന സൂചന നേതൃത്വം നല്‍കിയിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലേക്കാണ് ആദ്യ ഫോക്കസ് – അവര്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ നേരത്തെ തുടങ്ങിയെന്ന് സംസ്ഥാന പ്രസിഡന്റ് സുഹറാ മമ്പാടും വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഒരുക്കം ലക്ഷ്യമിട്ടുള്ള വനിതാ ലീഗ് നേതൃക്യാമ്പ് പുരോഗമിക്കുകയാണ്.