വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതായി മലപ്പുറം ജില്ലാ കലക്ടറുടെ പേരിൽ വ്യാജ സ്ക്രീൻ ഷോട്ട്; 17കാരന്‍ പിടിയില്‍
മലപ്പുറം: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതായി മലപ്പുറം ജില്ലാ കലക്ടറുടെ പേരിൽ വ്യാജ സ്ക്രീൻ ഷോട്ട് തയ്യാറാക്കി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ 17കാരന്‍ പിടിയില്‍. ഡിസംബർ രണ്ടിന് റെഡ് അലേർട്ട് ദിവസം വൈകുന്നേരമാണ് തൊട്ടടുത്ത ദിവസം കലക്ടർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതായി വ്യാജ ഫേസ്ബുക്ക് സ്ക്രീൻ ഷോട്ട് പ്രചരിച്ചത്. തുടര്‍ന്നാണ് മലപ്പുറം സൈബര്‍ പൊലീസ് അന്വേഷണം നടത്തിയത്.
തമാശയ്ക്കാണ് വ്യാജ സന്ദേശം പ്രചരിപ്പിച്ചതെന്ന് വിദ്യാര്‍ത്ഥി പൊലീസില്‍ മൊഴി നല്‍കി. ജില്ലാ പൊലീസ് മോധാവി ആര്‍ വിശ്വനാഥിന്റെ നിര്‍ദേശപ്രകാരം അന്വേഷണം നടത്തിയ പൊലീസ് രക്ഷിതാക്കള്‍ക്കൊപ്പം വിദ്യാര്‍ത്ഥിയെ വിളിച്ചു വരുത്തി ഉപദേശം നല്‍കി വിട്ടയച്ചു.
ഔദ്യോഗികമായി കലക്ടറുടെ അവധി പ്രഖ്യാപനം വരുന്നതിന് മുമ്പായിരുന്നു തെറ്റിദ്ധാരണജനകമായ വാർത്ത പ്രചരിച്ചത്. ഇതിനെതിരെ ജില്ലാ കലക്ടർ വി ആർ വിനോദ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയതിനെ തുടർന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. സമൂഹത്തിൽ ആശയക്കുഴപ്പവും തെറ്റിദ്ധാരണയും സ്യഷ്ടിക്കുന്നതും ഔദ്യോഗിക ക്യത്യനിർവഹണത്തെ തടസ്സപ്പെടുത്തുന്നതമായ വ്യാജ സന്ദേശം സ്യഷ്ടിച്ചവർക്കെതിരെ ഐ ടി ആക്ട് ഉൾപ്പെടെയുള്ള നിയമങ്ങൾ പ്രകാരം നടപടിയെടുക്കാനാണ് കലക്ടർ കത്ത് നൽകിയത്.
മഴ കനക്കുമ്പോൾ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചില്ലെങ്കിൽ കുട്ടികൾ കലക്ടറുടെ ഫേസ്ബുക്കിൽ കമന്‍റുകളുമായി വരാറുണ്ട്. കലക്ടർ താങ്കൾ സ്ഥലത്തില്ലേ, എന്തെങ്കിലും സംഭവിച്ചിട്ട് വേണോ അവധി തരാൻ എന്നെല്ലാം ചോദിച്ചാണ് കുസൃതി ചോദ്യങ്ങളുമായി കുട്ടികൾ സോഷ്യൽ മീഡിയയിൽ വരാറുള്ളത്.