കേരളപ്പിറവിയിൽ വിഴിഞ്ഞത്ത് നങ്കൂരമിടാൻ കൂറ്റൻ മദർഷിപ്പ്
തിരുവനന്തപുരം: കേരളപ്പിറവി ദിനത്തിൽ വിഴിഞ്ഞം തീരം തൊടുന്നത് കൂറ്റൻ മദർഷിപ്പ്. എം എസ് സിയുടെ ‘വിവിയാന’ എന്ന മദർഷിപ്പാണ് വിഴിഞ്ഞത്ത് എത്തുന്നത്. 400 മീറ്ററാണ് നീളവും 58 മീറ്റർ വീതിയുമാണ് വിവിയാനയ്ക്കുള്ളത്. ഉച്ചയോടെ ബെർത്തിലടുപ്പിക്കും. ട്രയൽ റണ്ണിന്റെ ഭാഗമായി കൂടുതൽ കപ്പലുകളും അടുത്ത ദിവസങ്ങളിൽ വിഴിഞ്ഞത്തെത്തും.
ലോകത്തെ ഏറ്റവും വലിയ ചരക്കു കപ്പൽ കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുടെ (എം എസ് സി) മദർഷിപ്പ് ആയിരുന്നു വിഴിഞ്ഞത്ത് ആദ്യമെത്തിയത്. ‘ഡെയ്ലാ’ കപ്പലാണ് തുറമുഖ ഉദ്ഘാടനത്തിന്റെ ഭാഗമായി എത്തിയത്. കപ്പലിന് 366 മീറ്റർ നീളവും 51 മീറ്റർ വീതിയുമുണ്ട്. വാഹകശേഷി 13988 ആയിരുന്നു.
അതേസമയം വിഴിഞ്ഞം ട്രയൽറണ്ണിൽ തന്നെ വൻ വിജയമായി മാറിയിരിക്കുകയാണ്. ട്രയൽ റൺ നടന്ന സമയത്ത് തന്നെ സംസ്ഥാന ഖജനാവിൽ കോടികളാണ് പദ്ധതിയെത്തിച്ചത്. 35 കപ്പലുകളാണ് ജൂലൈ 11ന് ട്രയൽ തുടങ്ങിയ ശേഷം വിഴിഞ്ഞത്ത് എത്തിയത്. 80,000 കണ്ടെയ്നറുകളാണ് ഇറക്കിയത്. വർഷം 10 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. 2028ൽ തുറമുഖം പൂർണതോതിലാവുമ്പോൾ ശേഷി 30 ലക്ഷമാവും.
തുറമുഖ വരുമാനത്തിന്റെ 18 ശതമാനമാണ് ജിഎസ്ടി ചമത്തുന്നത്. ഈ തുക സംസ്ഥാനവും കേന്ദ്രവും തുല്യമായി വീതിച്ചെടുക്കും.