Latest News

എ.ഐ. ക്യാമറയില്‍ കുടുങ്ങിയിട്ടുള്ളവർക്കും സ്ഥിരം നിയമലംഘനം നടത്തുന്ന ഡ്രൈവര്‍മാർക്കും നല്ലനടപ്പ്

 എ.ഐ. ക്യാമറയില്‍ കുടുങ്ങിയിട്ടുള്ളവർക്കും സ്ഥിരം നിയമലംഘനം നടത്തുന്ന ഡ്രൈവര്‍മാർക്കും നല്ലനടപ്പ്

തിരുവനന്തപുരം:സംസ്ഥാനത്ത് വാഹനാപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ സ്ഥിരമായി നിയമലംഘനങ്ങള്‍ നടത്തുന്ന ഡ്രൈവര്‍മാരെ കണ്ടെത്തി നടപടിയെടുക്കാന്‍ മോട്ടോര്‍വാഹന വകുപ്പ്. ഇത്തരത്തില്‍ നിയമലംഘനങ്ങള്‍ നടത്തുന്ന ഡ്രൈവര്‍മാരുടെ പട്ടിക തയാറാക്കാന്‍ ആര്‍.ടി.ഒമാര്‍ക്ക് ഗതാഗത കമ്മീഷണര്‍ നിര്‍ദേശം നല്‍കി. പട്ടികയില്‍ പേര് വരുന്ന ഡ്രൈവര്‍മാര്‍ക്ക് പ്രത്യേകം പരിശീലനം നല്‍കാനാണ് ഇപ്പോള്‍ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചിരിക്കുന്നത്.

സംസ്ഥാനത്തുടനീളമുള്ള നിയമലംഘകരായ ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നതിനായി നാല് കേന്ദ്രങ്ങളാണ് ഒരുക്കുന്നത്. നിലവില്‍ ഇത്തരം പരിശീലനം നല്‍കുന്ന മോട്ടോര്‍വാഹന വകുപ്പിന്റെ എടപ്പാളിലെയും കളമശ്ശേരിയിലെയും കേന്ദ്രങ്ങള്‍ക്ക് പുറമെ, കെ.എസ്.ആര്‍.ടി.സിയുമായി സഹകരിച്ച് അവര്‍ക്കുള്ള കേന്ദ്രത്തില്‍ കൂടി നിയമലംഘകരെ പരിശീലിപ്പിക്കാനാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം.

എ.ഐ. ക്യാമറയില്‍ ഉള്‍പ്പെടെ കുടുങ്ങിയിട്ടുള്ളവരുടെയും ഗതാഗത നിയമലംഘനത്തിന് ഒന്നിലധികം തവണ പിഴയൊടുക്കിയിട്ടുള്ളവരുടെയും പേരുകളാണ് മോട്ടോര്‍വാഹന വകുപ്പ് കണ്ടെത്തുന്നത്. ആദ്യഘട്ടത്തില്‍ ഇവരുടെ പട്ടിക തയാറാക്കുകയും പിന്നീട് പരിശീലനത്തിന് ഹാജരാകാന്‍ നോട്ടീസ് നല്‍കുകയും ചെയ്യാനാണ് നിര്‍ദേശം. കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും ഇത്തരം സ്ഥിരം നിയമലംഘകര്‍ക്ക് പരിശീലനം നല്‍കാനാണ് തീരുമാനം.

പരിശീലന പരിപാടികള്‍ക്ക് പുറമെ, മോട്ടോര്‍വാഹന വകുപ്പും പോലീസുമായി ചേര്‍ന്ന് അപകടങ്ങളും നിയമലംഘനങ്ങളും തടയുന്നതിനുള്ള വിവിധ കര്‍മപരിപാടികളും ഒരുക്കുമെന്നാണ് സൂചന. ഇതിനൊപ്പം വിവിധ മേഖലകളില്‍ തൊഴിലെടുക്കുന്ന ഡ്രൈവര്‍മാരുടെ യൂണിയനുകളുമായി ചേര്‍ന്ന് ഡ്രൈവര്‍മാര്‍ക്ക് ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നതിനുള്ള പരിശീലനവും ഇത് സംബന്ധിച്ച ബോധവത്കരവും നല്‍കാനും മോട്ടോര്‍വാഹന വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes