Latest News

യഥാർത്ഥ കമ്മ്യൂണിസ്റ്റ്, ഇനി വരുമോ ഇതുപോലെ ആദർശമുള്ള മനുഷ്യർ: വിഎസിനെ അനുസ്മരിച്ച് യേശുദാസ്

 യഥാർത്ഥ കമ്മ്യൂണിസ്റ്റ്, ഇനി വരുമോ ഇതുപോലെ ആദർശമുള്ള മനുഷ്യർ: വിഎസിനെ അനുസ്മരിച്ച് യേശുദാസ്

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന് അനുശോചനം അറിയിച്ച് ഗാനഗന്ധര്‍വ്വന്‍ കെജെ യേശുദാസ്. യഥാർത്ഥ കമ്മ്യൂണിസ്റ്റ് ആയിരുന്നു വിഎസ്. ചരിത്രം വി.എസ് എന്ന മനുഷ്യനെ ഓർക്കുക അസ്തമയം ഇല്ലാത്ത സൂര്യൻ എന്നായിരിക്കുമെന്നും ഇതുപോലെ ആദർശമുള്ള മനുഷ്യര്‍ ഇനി വരുമോ എന്നും യേശുദാസ് ചോദിക്കുന്നു.

“വിട. വിപ്ലവ സൂര്യൻ വിട വാങ്ങി. ആദരാഞ്ജലികൾ..കണ്ണീർ പ്രണാമം. മരണത്തിനും തോൽപ്പിക്കാൻ കഴിയാത്ത ഓർമ്മകളിൽ വി.എസ്. ജീവിക്കുമ്പോൾ ചരിത്രം വി.എസ് എന്ന മനുഷ്യനെ ഓർക്കുക അസ്തമയം ഇല്ലാത്ത സൂര്യൻ എന്നായിരിക്കും. ആദർശസൂര്യന് ആദരാഞ്ജലികൾ. സത്യവും നീതിബോധവും കൊണ്ട് എന്നും സാധാരണ ജനസമൂഹത്തോടൊപ്പം നില ഉറപ്പിക്കുകയും ചെയ്ത യഥാർത്ഥ കമ്മ്യൂണിസ്റ്റ്. ഇനി വരുമോ ഇതുപോലെ ആദർശമുള്ള മനുഷ്യർ. പുതിയ തലമുറയ്ക്ക് പാഠമാകട്ടെ മാതൃകാപരമായ ആ ജീവിതം. വിഎസ് അച്യുതാനന്ദൻ ജ്വലിക്കുന്ന ഓർമ്മയായി മനുഷ്യഹൃദയങ്ങളിൽ എന്നും ജീവിക്കും”, എന്നായിരുന്നു കെജെ യേശുദാസിന്‍റെ വാക്കുകള്‍.

ഇന്ന് വൈകുന്നേരം 3.20ഓടെയാണ് വി എസ് അച്യുതാനന്ദന്റെ വിയോഗ വാര്‍ത്ത പുറത്തുവന്നത്. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി അദ്ദേഹം ചികിത്സയിലായിരുന്നു. 101 വയസായിരുന്നു. അച്യുതാനന്ദനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് 3 ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ സംസ്ഥാനത്ത് പൊതു അവധിയും പ്രഖ്യാപിച്ചുണ്ട്. സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, ബാങ്കുകള്‍ എന്നിവയ്ക്ക് അവധി ബാധകമാണ്. പരീക്ഷകളടക്കം മാറ്റി വച്ചിട്ടുണ്ട്. എകെജി സെന്‍ററിലെ പൊതുദര്‍ശനത്തിന് ശേഷം ഇന്ന് രാത്രി വിഎസിന്‍റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടു പോകും. നാളെ ദർബാർ ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം അദ്ദേഹത്തെ ആലപ്പുഴയിലേക്കും കൊണ്ടുപോകും. ശേഷം മറ്റന്നാള്‍ സംസ്കാരവും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes