ബസുകള്‍ക്കിടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം: ബസുകള്‍ക്കിടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം കിഴക്കേകോട്ടയിലാണ് സംഭവം. കേരള ബാങ്ക് റീജണല്‍ ഓഫീസ് സീനിയര്‍ മാനേജറായ ഉല്ലാസ് മുഹമ്മദാണ് മരിച്ചത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ കെഎസ്ആര്‍ടിസി ബസിന്റെയും സ്വകാര്യ ബസിന്റെയും ഇടയില്‍ പെട്ടാണ് അപകടമുണ്ടായത്.
ഇന്ന് ഉച്ചതിരിഞ്ഞാണ് സംഭവം നടന്നത്. കിഴക്കേകോട്ടയില്‍ പഴവങ്ങാടിക്കും നോര്‍ത്ത് ബസ് സ്റ്റാന്‍ഡിനും ഇടയിലാണ് അപകടമുണ്ടായത്. ചാല പള്ളിയില്‍ ജുമാ നമസ്‌കാരം കഴിഞ്ഞ് തിരിച്ചുവരികയായിരുന്നു ഉല്ലാസ് മുഹമ്മദ്. സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ അലക്ഷ്യമായി എത്തിയ ബസുകള്‍ക്കിടയില്‍ ഉല്ലാസ് കുടുങ്ങുകയായിരുന്നു. പൊലീസ് വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ ഇരു ബസ് ഡ്രൈവര്‍മാര്‍ക്കുമെതിരെ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് കേസെടുത്തു.