Latest News

ലീഗ് മുഖപത്രം ചന്ദ്രികയിലെ സിപിഐഎമ്മിനെതിരെയുള്ള വാര്‍ത്തയ്‌ക്കെതിരെ എ എ റഹീം

 ലീഗ് മുഖപത്രം ചന്ദ്രികയിലെ സിപിഐഎമ്മിനെതിരെയുള്ള വാര്‍ത്തയ്‌ക്കെതിരെ എ എ റഹീം

പാലക്കാട്: മുസ്‌ലിം ലീഗ് മുഖപത്രം ചന്ദ്രികയിലെ സിപിഐഎമ്മിനെതിരെയുള്ള വാര്‍ത്തയ്‌ക്കെതിരെ ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹീം എംപി. മുസ്‌ലിം ലീഗ് മുഖപത്രത്തിന് ഹാലിളകി നില്‍ക്കുകയാണെന്നും ജമാഅത്തെ ഇസ്‌ലാമിയും, എസ്ഡിപിഐയും ലീഗിനെ ഹൈജാക്ക് ചെയ്തിരിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. സംഘപരിവാറിനെ പ്രതിരോധിക്കാന്‍ ലീഗിനാകില്ലെന്നും അദ്ദേഹം കുറിച്ചു.

ബാബരി മസ്ജിദ് തകര്‍ത്ത സമയത്ത് കോണ്‍ഗ്രസിനെതിരെ ലീഗ് ഒന്നും പറഞ്ഞില്ലെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ജാംബാവന്‍ പ്രസ്താവന ലീഗ് നേതാക്കള്‍ അറിഞ്ഞില്ലെന്നും റഹീം പരിഹസിച്ചു. മാറാട് കലാപ സമയത്തും ലീഗ് നിശബ്ദമായിരുന്നുവെന്നും അന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ ആര്‍എസ്എസ് ഭീഷണി വകവയ്ക്കാതെ കലാപം കത്തിക്കയറിയ പ്രദേശങ്ങളിലേയ്ക്ക് എത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഘപരിവാര്‍ ഭീഷണികള്‍ക്ക് മുന്നില്‍ ലീഗ് എന്നും ‘അനുസരണയുള്ള’ വളര്‍ത്തു പൂച്ചകള്‍ മാത്രമായിരുന്നെന്നും എ എ റഹീം പരിഹസിച്ചു.

‘ചുവപ്പൻ പരസ്യ വർഗീയത’ എന്ന തലക്കെട്ടിലാണ് ചന്ദ്രികയില്‍ സിപിഐഎമ്മിനെതിരെയുള്ള വാര്‍ത്ത നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം സുപ്രഭാതം, സിറാജ് പത്രങ്ങളിൽ എല്‍ഡിഎഫ് നല്‍കിയ പരസ്യത്തിനുള്ള വിമര്‍ശനമാണ് ചന്ദ്രികയിലുള്ളത്. പാലക്കാട് വോട്ട് തേടി രണ്ട് പത്രങ്ങളില്‍ സിപിഐഎമ്മിന്റെ വര്‍ഗീയ പരസ്യമെന്നാണ് ചന്ദ്രിക വാര്‍ത്ത നല്‍കിയിരിക്കുന്നത്. അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ താമര ചിത്രം നല്‍കിയാണ് വാര്‍ത്തയെ ചന്ദ്രിക സമീപിച്ചിരിക്കുന്നത്. വര്‍ഗീയത പരത്തുന്ന പരസ്യം നല്‍കിയ സംഭവത്തില്‍ സിപിഐഎം നടപടികളില്‍ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

സന്ദീപ് വാര്യരുടെ പഴയ പ്രസ്താവനകള്‍ ഉയര്‍ത്തി കാട്ടിയാണ് എല്‍ഡിഎഫ് ഇരു പത്രങ്ങളിലും പരസ്യം നല്‍കിയത്. സരിന്‍ തരംഗം എന്ന വലിയ തലക്കെട്ടിലുള്ള പരസ്യത്തില്‍ കൂടുതലായും പരാമര്‍ശിച്ചിട്ടുള്ളത് സന്ദീപ് വാര്യരെ പറ്റിയാണ്. സന്ദീപ് പല തവണയായി പറഞ്ഞ വിവിധ വര്‍ഗീയ പരാമര്‍ശങ്ങളാണ് പരസ്യത്തിലുള്ളത്. കശ്മീരികളുടെ കൂട്ടക്കൊല ആഹ്വാനം, സിഎഎ കേരളത്തില്‍ നടപ്പാക്കുമെന്ന് പറഞ്ഞുള്ള പോസ്റ്റുകള്‍, ഗാന്ധി വധം തുടങ്ങിയ വിഷയങ്ങളെ പറ്റിയുള്ള പരാമര്‍ശങ്ങളാണ് പരസ്യത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മുസ്‌ലിം ലീഗ് മുഖപത്രത്തിന് ഹാലിളകി നില്‍ക്കുകയാണ്.

സിപിഎമ്മിന്റെ നെഞ്ചത്ത് കയറി നൃത്തം ചവിട്ടാമെന്ന് കരുതണ്ട. ലീഗിന് കേരളത്തിലെ മുസ്‌ലിം വിഭാഗത്തിന്റെ മൊത്തം കുത്തകാവകാശം ഇല്ല എന്ന യാഥാര്‍ത്ഥ്യം ഓര്‍മ്മ വേണം. ജമാഅത്തെ ഇസ്‌ലാമിയും, എസ്ഡിപിഐയും ലീഗിനെ ഹൈജാക്ക് ചെയ്തിരിക്കുന്നു.

ഉറഞ്ഞു തുള്ളുന്ന ലീഗ് ഒരു കാര്യം ഓര്‍ക്കണം, പത്രത്തില്‍ ഇങ്ങനെ എഴുതി രസിക്കാന്‍ എളുപ്പമാണ്. സംഘപരിവാറിനെതിരെ ഗ്രൗണ്ടില്‍ ഇറങ്ങി പ്രതിരോധിക്കാന്‍, ലീഗ് കൂട്ടിയാല്‍ കൂടില്ല. ബാബരി മസ്ജിദ് പൊളിച്ചത് ആര്‍എസ്എസും, കൂട്ട് നിന്നത് കോണ്‍ഗ്രസുമാണ്. ലീഗ്, അന്നൊരക്ഷരം ഇതുപോലെ കോണ്‍ഗ്രസ്സിനെതിരെ പറഞ്ഞില്ല.

ചിലപ്പോഴൊക്കെ ‘നൊമ്പരപ്പെട്ടു’ആത്മ സംതൃപ്തി വരുത്തും. ഇക്കഴിഞ്ഞ ദിവസം ബാബരി മസ്ജിദ് തകര്‍ത്തു കളഞ്ഞത് ജാമ്പവന്റെ കാലത്തെ കാര്യമെന്നു ശ്രീ സുധാകരന്‍ പറഞ്ഞതും ഇതുവരെ പാണക്കാട്ടെ ലീഗ് നേതാക്കള്‍ അറിഞ്ഞിട്ടില്ല. പാലക്കട്ടെ നഗരസഭയില്‍ ഈ അടുത്തകാലത്ത് ആര്‍എസ്എസ്, ജയ് ശ്രീ റാം എന്നെഴുതി വച്ചപ്പോള്‍ അതെടുത്തു മാറ്റാന്‍ ചുണയുള്ള ഡിവൈഎഫ്‌ഐക്കാരാണ് ഉണ്ടായിരുന്നത്, യൂത്ത് ലീഗും, യൂത്ത് കോണ്‍ഗ്രസ്സും അല്ല ഉണ്ടായിരുന്നത്.

മാറാട് കലാപ സമയത്ത് ലീഗ് മന്ത്രിമാര്‍ക്ക് പോലും കലാപ ബാധിത പ്രദേശങ്ങളില്‍ കയറാന്‍ പറ്റില്ല എന്ന് സംഘപരിവാര്‍ വിലക്ക് വന്നപ്പോള്‍ അത് കേട്ട് ഒരക്ഷരം മിണ്ടാതെ മടങ്ങിയവരാണ് നിങ്ങള്‍. കൂടെ കൂട്ടും എന്നു കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിക്ക് പോലും പറയാന്‍ ധൈര്യം വന്നില്ല. ലീഗ് ഇന്ന് കല്ലെറിയുന്ന സഖാവ് പിണറായി വിജയന്‍ അന്ന് മുഖ്യമന്ത്രിയല്ല, പാര്‍ട്ടി സെക്രട്ടറി ആയിരുന്നു. എളമരം കരീമിനും, വി കെ സി മമ്മദ് കോയ എംഎല്‍എ യ്ക്കും പിണറായിക്കൊപ്പം കലാപ ബാധിത പ്രദേശങ്ങളില്‍ വരാന്‍ പറ്റില്ല എന്ന് സംഘപരിവാര്‍ പ്രഖ്യാപിച്ചു. ലീഗ് മന്ത്രിമാര്‍ ഗസ്റ്റ് ഹൗസില്‍ ഒളിച്ചിരുന്നപ്പോള്‍ സഖാവ് പിണറായി, ആര്‍എസ്എസ് ഭീഷണി വകവയ്ക്കാതെ കലാപം കത്തിക്കയറിയ പ്രദേശങ്ങളിലേയ്ക്ക് എളമരത്തെയും വികെസിയെയും കൂട്ടി തലയുയര്‍ത്തി കടന്നു ചെന്നു.

കേരളത്തില്‍ ഏറ്റവും കുറച്ചു വരിക്കാര്‍ ഉള്ള പത്രങ്ങളില്‍ ഒന്നാണ് ചന്ദ്രിക. അതില്‍ സിപിഎമ്മിനെതിരെ എഴുതി ആത്മസുഖം അനുഭവിക്കലാണ് ലീഗിന് ചെയ്യാന്‍ കഴിയുന്ന പരമാവധി ധീരത. അല്ലാതെ സംഘപരിവാര്‍ ഭീഷണികള്‍ക്ക് മുന്നില്‍ ലീഗ് എന്നും ‘അനുസരണയുള്ള’ വളര്‍ത്തു പൂച്ചകള്‍ മാത്രമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes